തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച റേഷൻ മണ്ണെണ്ണ വിഹിതം ഏറ്റെടുക്കുന്നതിനായി ഡീലർമാർക്കും വ്യാപാരികൾക്കുമുള്ള നിരക്കുകൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവായി. മൊത്ത വ്യാപാരികൾക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റർ വരെ കിലോ ലിറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും അഞ്ച് രൂപയുമായാണ് വർധിപ്പിച്ചത്. ചില്ലറ വിതരണം നടത്തുന്ന റേഷൻ വ്യാപാരികൾക്കുള്ള കമീഷൻ ലിറ്ററിന് ആറ് രൂപയാക്കി ഉയർത്തി. രണ്ട് വർധനവുകൾക്കും ജൂൺ ഒന്നുമുതൽ പ്രാബല്യമുണ്ടായിരിക്കും.
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ വർഷങ്ങളായി കേന്ദ്ര സർക്കാർ കുറവുചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമാവുകയും കടത്തുകൂലിയിലെയും റീട്ടെയിൽ കമീഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാൽ മൊത്ത വ്യാപാരികളും റേഷൻ ഡീലർമാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷൻ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു.
ജൂൺ 30ന് അവസാനിക്കുന്ന 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ സംസ്ഥാനത്തിന് അനുവദിച്ച 5676 കിലോ ലിറ്റർ മണ്ണെണ്ണയുടെ ഏറ്റെടുപ്പും വിതരണവും ഉടൻ ആരംഭി ക്കും. ഇത് പൂർത്തിയാക്കാൻ സെപ്റ്റംബർ 30ന് അവസാനിക്കുന്ന രണ്ടാംപാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 2025-26 രണ്ടാം പാദത്തിലേക്കും 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.