റാപ്പർ വേടൻ

റാപ്പർ വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന്​ കുറ്റപത്രം; അറസ്റ്റിലാകുന്നത് തീൻമേശക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ

തൃപ്പൂണിത്തുറ: കഞ്ചാവ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്ന റാപ്പർ വേടനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഏപ്രിൽ 28ന് വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന എരൂർ കണിയാമ്പുഴയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽപാലസ് പൊലീസ് ആറു ഗ്രാം കഞ്ചാവുമായി പിടികൂടിയ കേസിലാണ് ഹിൽപാലസ് പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്.

വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന്​ കുറ്റപത്രത്തിലുണ്ട്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷർ, ചുരുട്ടാനുള്ള പേപ്പർ, ത്രാസ് അടക്കമുള്ളവ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. തീൻമേശക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് റാപ്പർ വേടനും സംഘവും പൊലീസ് പിടിയിലാകുന്നത്.

വേടന്‍റെ ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു. ഇവർ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണെന്നും കുറ്റപത്രത്തിൽ പറയുന്നു. വേടനടക്കം ഒമ്പത്​ പ്രതികളാണ് കേസിലുള്ളത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവ‍ ഡോക്ടർ നൽകിയ പരാതിയിൽ സെപ്റ്റംബർ 10ന് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി​യെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചു പോയെന്നും ഇതോടെ മാനസികനില തകരാറിലായെന്നുമാണ് യുവതിയുടെ പരാതി. കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു.

2021 ആഗസ്റ്റ് മുതൽ 2023 മാർച്ച്‍ വരെയുള്ള കാലയളവിൽ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു യുവതി പരാതിയിൽ പറഞ്ഞിരുന്നത്. പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ടായിരുന്നു.

എന്നാൽ, ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് കരുതാൻ മതിയായ തെളിവുകളുണ്ടെന്നും ബ്രേക്ക് അപ്പിന് ശേഷം ആരോപണങ്ങളുമായി മറ്റയാളുടെ ഭാവി നശിപ്പിക്കാനുള്ള പ്രവണതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്. ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്ന് വേടനും മൊഴി നൽകി.

വേടനെതിരെ ഗവേഷക വിദ്യാർഥി കൂടി പിന്നീട് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയുടെ ഓഫിസിൽ നല്‍കിയ പരാതി എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു.

സംഗീത ഗവേഷണത്തിന്റെ പേരിൽ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും 2020ൽ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞുവെന്നും അവിടെ വെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. എന്നാൽ സെഷൻ കോടതി ഈ കേസിൽ കഴിഞ്ഞ ദിവസം ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    
News Summary - Rapper Vedan accused of using cannabis; Chargesheet filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.