സംവിധായകന്‍ ബാലചന്ദ്രകുമാർ, നടൻ ദിലീപ്

സംവിധായകന്‍ ബാലചന്ദ്രകുമാർ ബലാത്സംഗം ചെയ്തെന്ന പരാതി വ്യാജമെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വധിക്കാനുള്ള ഗൂഢാലോചനക്കേസിൽ സാക്ഷിപ്പട്ടികയിലുള്ള സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനാരോപണം വ്യാജമെന്ന് പൊലീസ്. കേസ് റദ്ദാക്കാൻ ഹൈകോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബാലചന്ദ്രകുമാര്‍ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പീഡന ആരോപണവുമായി ഒരു യുവതി രംഗത്ത് വന്നതും പൊലീസില്‍ പരാതി നല്‍കിയതും. 10 വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയുടെ പരാതി.

ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു. തുടര്‍ന്ന് ബാലചന്ദ്രകുമാറിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

ദിലീപിന്റെ മുൻ മാനേജർ വ്യാസൻ എടവനക്കാടും അഞ്ച് ഓൺലൈൻ മീഡിയ പ്രവർത്തകരും ചേർന്നാണ് ഈ പരാതി കെട്ടിച്ചമച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. പരാതിക്കാരി സൂചിപ്പിച്ച വിവരങ്ങൾ പലതും പരസ്പര വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 58 കാരിയായ പരാതിക്കാരി 44 വയസ്സ് എന്നാണ് പരാതിയിൽ പറഞ്ഞത്. അവർ പീഡനം നടന്ന ഹോട്ടൽ പോലും കണ്ടിട്ടില്ല. പരാതിക്കാരിയെ സ്വാധീനിച്ച് ഓൺലൈൻ മീഡിയ പ്രവർത്തകർ മൊഴി പഠിപ്പിക്കുകയായിരുന്നു. ദിലീപിന്റെ മുൻ മാനേജർ അടക്കമുള്ളവർ ചേർന്നാണ് ഇതിന് ഗൂഡാലോചന നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കായിരുന്നു യുവതി ആദ്യം പരാതി നൽകിയിരുന്നത്. പിന്നീട് ഡിജിപിക്കും കൈമാറി. ജോലി വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പരാതി.

സിനിമാ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചു, ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തു, വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്, ഇയാളുടെ കൈയില്‍ പെന്‍ക്യാമറ അടക്കമുള്ള സാധനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ട് തുടങ്ങിയ കാര്യങ്ങളാണ് യുവതി പരാതിയിൽ പറഞ്ഞിരുന്നത്.

സംഭവം നടന്ന് ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പറഞ്ഞിരുന്നു.

ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി പറയുന്നു.

ആ സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. കൊച്ചിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടത്. അപ്പോള്‍ ബാലചന്ദ്രകുമാര്‍ തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നെന്നും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. സിനിമയിൽ അഭിനയിക്കുവാനുള്ള ആഗ്രഹം മുതലാക്കിയ ശേഷം ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലുമായി ബാലചന്ദ്രകുമാര്‍ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിന് എതിരെയുള്ള ആരോപണം.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് തീരുമാനിച്ചിരുന്നു. 

Tags:    
News Summary - Rape complaint against Director Balachandrakumar is false, says police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT