15കാരിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം


പാറയില്‍നിന്ന് തള്ളിയിടാനും ആസിഡ് മുഖത്തൊഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു
തൊടുപുഴ: 15കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം തടവും 23,000 രൂപ പിഴയും. കുട്ടമ്പുഴ മാമാലക്കണ്ടം സ്വദേശി ബിജുവിനെയാണ് (34) പോക്സോ നിയമപ്രകാരം ഇടുക്കി ജില്ല സ്പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചത്. 2015 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം.

സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സംഭവദിവസം രാവിലെ 11ഓടെ പ്രതി ഹോസ്റ്റലില്‍ എത്തി വാര്‍ഡനോട് പെണ്‍കുട്ടിയുടെ അമ്മാവനെ പാമ്പുകടിച്ചെന്നും വീട്ടിലേക്ക് വിടണമെന്നും ആവശ്യപ്പെട്ടു. പ്രതി വന്ന ഓട്ടോയില്‍ കുട്ടിയുമായി കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ വാളറ വനമേഖലയില്‍ വൈകുന്നേരം അഞ്ചുമണിയോടെ വന്നിറങ്ങി. വീട്ടിലേക്കുള്ള കുറുക്കുവഴിയാണെന്നുപറഞ്ഞ് വനത്തിലൂടെയുള്ള നടപ്പുവഴിയെ കുട്ടിയെ കൊണ്ടുപോയി ബാലാത്സംഗം ചെയ്തെന്നാണ് കേസ്.

രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നത്തെി ഇയാള്‍ ആക്രമിച്ചു. പാറയില്‍നിന്ന് തള്ളിയിടാനും ആസിഡ് മുഖത്തൊഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. കുട്ടി ഒഴിഞ്ഞുമാറിയതിനാല്‍ ആസിഡ് വസ്ത്രത്തിലാണ് വീണത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുവര്‍ഷത്തിന് ശേഷമാണ് അടിമാലി പൊലീസ് പിടികൂടിയത്.

ആസിഡ് ആക്രമണത്തിന് അഞ്ചുവര്‍ഷവും ദേഹോപദ്രവം ഏല്‍പിച്ചതിന് മൂന്നുവര്‍ഷവും കഠിനതടവ് വിധിച്ചിട്ടുണ്ട്. ശിക്ഷകാലാലധി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ളെങ്കില്‍ ഒമ്പത് മാസംകൂടി കഠിനതടവ് അനുഭവിക്കണം. അടിമാലി എസ്.ഐ ഇ.കെ. സോള്‍ജിമോന്‍, സി.ഐമാരായ സജി മാര്‍ക്കോസ്, ജെ. കുര്യാക്കോസ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ടി.എ. സന്തോഷ് തേവര്‍കുന്നേല്‍ ഹാജരായി.

 

Tags:    
News Summary - rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.