മാവേലിക്കര: റിമാൻഡിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കാനാണ് സാധ്യത. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ മാവേലിക്കര സ്‍പെഷൽ സബ് ജയിലിലാണ്. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്.
ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയതോടെയാണ് രാഹുൽ അഴിക്കുള്ളിലായത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഫോണിന്‍റെ ലോക്ക് മാറ്റാൻ വിസമ്മതിക്കുന്നതായും ജാമ്യം നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ബലാത്സംഗം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയടക്കം ഗുരുതര പരാതികളാണ് രാഹുലിനെതിരെയുള്ളത്. വിദേശത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇ-മെയിൽ വഴിയായിരുന്നു പരാതി. വിഡിയോ കോൺഫറൻസ് വഴിയാണ് അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിർദേശ പ്രകാരമാണെന്നാണ് വിവരം. പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം കേട്ടതോടെ മുഖ്യമന്ത്രി ഡി.ജി.പിക്ക് അടിയന്തര നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം പാലക്കാട് എത്തിയതു മുതൽ പൊലീസ് രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.
ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി. റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തു. രാഹുലിന്റെ ഡ്രൈവറും സഹായിയും അടക്കം പുറത്തുപോയി എന്നുറപ്പാക്കിയതിനു ശേഷം അർധരാത്രി 12.15 ഓടെ രാഹുൽ താമസിച്ചിരുന്ന മുറിയിലെത്തി. വാതിലിൽ തട്ടിയെങ്കിലും വാതിൽ തുറക്കാൻ തയാറായില്ല. പൊലീസാണെന്നും കസ്റ്റഡിയിലെടുക്കാനാണ് എത്തിയതെന്നും അറിയിച്ചതോടെ രാഹുൽ വാതിൽ തുറന്നു.
12.30ഓടെ രാഹുലിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പത്തനംതിട്ടയിലേക്ക് രാഹുലിനെ മാറ്റി. ദീർഘനേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനക്കായി എത്തിച്ചപ്പോൾ ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.