പത്തനംതിട്ട: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് കുറങ്ങഴക്കാവ് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായരുടെ (39) ഡി.എൻ.എ ഫലം ചൊവ്വാഴ്ചയും ലഭിച്ചില്ല.
പരിശോധന പൂർത്തിയാകാൻ 72 മണിക്കൂർ വരെയെടുക്കുമെന്നാണ് അഹ്മദാബാദ് മേഘാനിനഗർ സിവിൽ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നത്. രഞ്ജിതയുടെ സഹോദരൻ രക്തസാമ്പിൾ നൽകിയിട്ട് ചൊവ്വാഴ്ച 72 മണിക്കൂർ പിന്നിടുന്ന സാഹചര്യത്തിൽ ഫലം ലഭിക്കുമെന്നായിരുന്നു ബന്ധുക്കളുടെ പ്രതീക്ഷ. അപകടത്തിന്‍റെ തീവ്രതയാണ് ഡി.എൻ.എ പരിശോധനഫലം വൈകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.
അപകടസ്ഥലത്തുനിന്ന് ലഭിച്ച പല ശരീരഭാഗങ്ങളും ഡി.എൻ.എ ശേഖരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ അസ്ഥി മജ്ജയിൽനിന്നോ പല്ലിന്‍റെ ഭാഗങ്ങളിൽനിന്നോ ഡി.എൻ.എ ശേഖരിക്കേണ്ടിവരുന്നതായും ഇവർ പറയുന്നു. നിരവധിപേരുടെ പരിശോധനഫലമാണ് ഇനിയും ലഭിക്കാനുള്ളത്. ശനിയാഴ്ചയാണ് രഞ്ജിതയുടെ സഹോദരൻ രതീഷിന്റെ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനക്കായി അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ അധികൃതർ ശേഖരിച്ചത്.
ഫലം വൈകുന്നതിനാൽ രതീഷും ബന്ധു ഉണ്ണികൃഷ്‌ണനും അഹ്മദാബാദിൽതന്നെ തുടരുകയാണ്. കൊടിക്കുന്നിൽ സുരേഷ് എം.പി, ശിവഗിരിമഠത്തിലെ സ്വാമി ജ്ഞാനതീർഥ അടക്കം നിരവധിപേർ ചൊവ്വാഴ്ചയും രഞ്ജിതയുടെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.