തിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പ്രത്യേക വിശുദ്ധകുർബാന നേർച്ച നടത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ കാണണമെന്നും ഇതിനുവേണ്ടിയാണ് കുർബാന അർപ്പിച്ചതെന്നു സിജോ കുഞ്ഞാണ്ടി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പുഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും വി.ഡി. സതീശനായി കേരളത്തിലെ പലയിടങ്ങളിലും ഫ്ലക്സുകൾ ബോർഡുകൾ ഉയർന്നു. മലപ്പുറം എടരിക്കോട്, പത്തനംതിട്ട, ആലപ്പുഴയിലെ ഹരിപ്പാട്, എറണാകുളം തൃക്കാക്കര, കോട്ടയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് വി.ഡി. സതീശനായി ഇന്നും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ എന്നെല്ലാം ആശംസിച്ചാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത്.
‘നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്‌ലക്‌സിൽ പറയുന്നത്. എറണാകുളം തൃക്കാക്കരയില് ഓലിമുകൾ ജങ്ഷനിലാണ് വി.ഡി. സതീശൻ അനുകൂലമായി ഫ്ലക്‌സ് സ്ഥാപിച്ചത്. ഹരിപ്പാടും വി.ഡി. സതീശന് വേണ്ടി ഫ്ലക്സ് ബോർഡ് ഉയർന്നിട്ടുണ്ട്. പിന്നാലെ അജ്ഞാതർ നശിപ്പിച്ചു. കരുവാറ്റയിലാണ് ഫ്ലക്സ് ബോർഡ് വെച്ചത്. കരുവാറ്റയിലെ വാർഡ് കമ്മിറ്റികളുടെ പേരിലാണ് ഫ്ലക്‌സ് ബോർഡ്.
കണ്ണൂരിൽ ആറ് സീറ്റ് വരെ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും സണ്ണി ജോസഫ്. അട്ടിമറി വിജയം നേരിടുമെന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് പറയാറുള്ളതാണ്. ഫലം പുറത്തുവരുന്നത് വരെ മാത്രമേ അവരുടെ അവകാശവാദം നിലനിൽക്കുകയുള്ളൂ. മോശമല്ലാത്ത കോൺഫിഡൻസിലാണ് ഞങ്ങളുള്ളത്. മുഖ്യമന്ത്രി ചർച്ചകളെല്ലാം ഞങ്ങൾക്കിടയിൽ സജീവമായി നടക്കുന്നുണ്ട്. എങ്കിലും, അതിനൊരു മാനദണ്ഡം നിലനിൽക്കുന്നുണ്ട്. അതനുസരിച്ചേ ചെയ്യുകയുള്ളൂവെന്നും സണ്ണി ജോസഫ് പറഞ്ഞു.
'ഉപമുഖ്യമന്ത്രി സ്ഥാനം ഇത്തവണ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടി ആവർത്തിച്ചുപറഞ്ഞ അക്കാര്യത്തിൽ ഇനി കൂടുതലൊന്നും പറയാനില്ല. മോശമല്ലാത്ത കോൺഫിഡൻസിൽ തന്നെയാണ് ഞങ്ങളുള്ളത്. ആറോളം സീറ്റുകളിൽ വിജയിച്ച് കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് മേൽക്കൈ നേടുമെന്നാണ് കണക്കുകൂട്ടൽ'- സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.