എന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പ് -ചെന്നിത്തല

കോഴിക്കോട്: പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിർപ്പെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ മാറി നിൽക്കാനാണ് താൻ ആഗ്രഹിച്ചത്. ഇപ്പോൾ മാറേണ്ട എന്ന് ഉപദേശിച്ചത് ഉമ്മൻ ചാണ്ടിയാണ്. മുതിർന്ന നേതാക്കളുടെ അഭിപ്രായവും അതുതന്നെയായിരുന്നെന്ന് ചെന്നിത്തല ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വരുത്താൻ ഹൈകമാൻഡ് ആഗ്രഹിക്കുന്നുണ്ടോയെന്ന രീതിയിൽ തിരക്കിയിരുന്നു. കെ.സി. വേണുഗോപാലിനോടും മല്ലികാർജുൻ ഖാർഗെയോടും ഉമ്മൻ ചാണ്ടി ചോദിച്ചിരുന്നു. മുൻവിധിയൊന്നുമില്ല എന്നായിരുന്നു ഉത്തരം. മാറിനിൽക്കാൻ എനിക്ക് ഒരു മടിയും ഇല്ലായിരുന്നു.

എന്നോടൊപ്പമുണ്ടെന്ന് തലേന്ന് രാത്രി വരെ പറഞ്ഞ എം.എൽ.എമാർ പിറ്റേന്ന് നേരം വെളുത്തപ്പോൾ തള്ളിപ്പറഞ്ഞു. അതെന്നെ ഞെട്ടിച്ചു. ഞാൻ കൈപിടിച്ച് വളർത്തിയവർ വരെ അക്കൂട്ടത്തിലുണ്ട്.

ഹൈകമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. അതിനെ ഇതുവരെയും എതിർത്തിട്ടില്ല. എന്നെ മാറ്റിയ രീതിയിലാണ് എതിർപ്പ്.

തെരഞ്ഞെടുപ്പിൽ ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. കോവിഡിന് മുന്നിൽ നട്ടംതിരിഞ്ഞ ജനങ്ങൾക്ക് സർക്കാറിന്‍റെ ആനുകൂല്യങ്ങൾ കാരുണ്യമായി. അരിക്ക് മുന്നിൽ അഴിമതി നിന്നില്ല. പെൻഷനും മറ്റും ഒരുമിച്ച് കിട്ടിയപ്പോൾ ജനം മറ്റ് കാര്യങ്ങൾ ഓർത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - ramesh chennithala opens about election failure, change of leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.