തിരുവനന്തപുരം: ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയെ കാണുന്നതിന് മുമ്പാണ് ശശി തരൂർ അഭിമുഖം നൽകിയതെന്നും അതിനാൽ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ചെന്നിത്തല പ്രതികരിച്ചത്.
ശശി തരൂരിനെ പോലുള്ള ഒരാളെ കോൺഗ്രസിന് ആവശ്യമുള്ളത് കൊണ്ടാണല്ലോ നാലു തവണ എം.പിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതുമെല്ലാം. താൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്താണ് തരൂർ യു.എൻ വിട്ടുവന്നത്. അദ്ദേഹത്തോട് പാർട്ടിയിൽ ചേരണമെന്ന് പറഞ്ഞത് ആവശ്യമുള്ളത് കൊണ്ടാണ്. പാലക്കാട് നിന്ന് മത്സരിക്കണമെന്നും താൻ നിർദേശിച്ചു. ഇക്കാര്യങ്ങൾ ശശി തരൂർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. അദ്ദേഹത്തെ പോലെ ഒരാൾ കോൺഗ്രസിലേക്ക് വരുന്നത് നല്ലതാണെന്ന വിശ്വാസത്തിലാണ് അന്ന് ക്ഷണിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടി അംഗമല്ലാതിരുന്നിട്ടും തരൂരിനെ എറണാകുളത്ത് നടന്ന കെ.പി.സി.സി സമ്പൂർണ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. അന്ന് വേദിയിൽ സോണിയ ഗാന്ധിക്കൊപ്പം വേദിയിലിരുത്തി. അങ്ങനെയാണ് തരൂർ കോൺഗ്രസിലെത്തിയത്. ഈ പാർട്ടിയിൽ അദ്ദേഹം അനിവാര്യനായത് കൊണ്ടാണല്ലോ നാലു തവണ കോൺഗ്രസ് എം.പിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും പത്തുവർഷമായി കോൺഗ്രസിന്റെ സ്ഥിരം സമിതി അംഗങ്ങളിൽ ഒരാളാക്കിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സോണിയാ ഗാന്ധിയും മൻമോഹൻ സിങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നതെന്ന് ശശി തരൂർ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.കോൺഗ്രസിന് തന്നെ ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ടെന്നും കേരളത്തിൽ നേതൃശക്തിയുടെ കുറവുണ്ടെന്നും ശശി തരൂർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.