പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമില്ല; പാർട്ടി കൂടുതല്‍ ശക്തിപ്പെടും -ചെന്നിത്തല

തിരുവനന്തപുരം: കെ.പി.സിസിയുടെ പുതിയ ഭാരവാഹികള്‍ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള, കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് പാര്‍ട്ടിയുടെ മുന്നിലുള്ളത്. മുല്ലപ്പള്ളിക്കും പുതിയ ടീമിനും ഇതിന് കഴിയും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ക്കിങ് പ്രസിഡന്‍റുമാരെ നിയമിക്കുന്ന പതിവ് കോണ്‍ഗ്രസിനുണ്ട്. ഇത് പാര്‍ട്ടി പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ദീര്‍ഘകാലം കേരളത്തിലെ കോണ്‍ഗ്രസില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളെയും പൂര്‍ണമായി യോജിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയും. കെ.പി.സി.സി വൈസ് പ്രസിഡന്‍റായി വളരെ നല്ല സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

പ്രചാരണ സമിതികളുടെ ഭാരവാഹിത്വത്തിലേക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാരെയാണ് പരിഗണിക്കാറുള്ളത്. കെ. മുരളീധരന്‍റെ പരിചയ സമ്പത്തും കഴിവും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരും അംഗീകരിക്കും. താന്‍ കെ. സുധാകരനുമായി പുനഃസംഘടനാ വിഷയം സംസാരിച്ചിരുന്നു. അദ്ദേഹം ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന പൂര്‍ണ വിശ്വാസമുണ്ട്.

യു.ഡി.എഫ് കണ്‍വീനര്‍ എന്ന രീതിയില്‍ പി.പി തങ്കച്ചന്‍റെ പ്രവര്‍ത്തനം മികച്ചതായിരുന്നു. എല്ലാ കാലത്തും അദ്ദേഹത്തിന്‍റെ സേവനങ്ങൾ കോണ്‍ഗ്രസ് വിലമതിക്കും. പുതിയ ഭാരവാഹികള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനികില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:    
News Summary - Ramesh Chennithala Congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.