അച്ഛന്റെ വെട്ടിക്കീറിയ മുഖത്തേക്ക് നോക്കാനാവാതെ കരയുന്ന പ്രിയ മകന്റെ ചിത്രം ഓർമയിൽ നിന്ന് പോയിട്ടില്ല -ചെന്നിത്തല

കോഴി​ക്കോട്: സി.പി.എം വാളുകൾ വെട്ടിക്കീറിയ അച്ഛന്റെ തുന്നിച്ചേർത്ത മുഖത്തേക്ക് നോക്കാനാവാതെ കാലിൽ പിടിച്ച് കരയുന്ന ടി.പിയുടെ പ്രിയപ്പെട്ട മകന്റെ ചിത്രം ഇപ്പോഴും ഓർമയിൽ നിന്ന് പോയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിച്ചിരുന്ന ടി.പിയേക്കാൾ കൊന്നുകളഞ്ഞ ടി.പിയെയാണ് സി.പി.എം ഭയപ്പെടുന്നതെന്നത്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യരെ എത്ര നികൃഷ്ടമായാണ് അവർ കൊന്നൊടുക്കുന്നത്. ഒടുവിൽ പ്രതികൾക്ക് വേണ്ടി എത്ര പണമാണ് സർക്കാർ ഖജനാവിൽ നിന്ന് പോലും ചിലവഴിക്കുന്നത്? -ആർ.എം.പി നേതാവ് ടി.പി. ച​ന്ദ്രശേഖരൻ ​കൊല്ലപ്പെട്ടതിന്റെ 10ാം വാർഷിക ദിനത്തിൽ ചെന്നിത്തല എഴുതിയ അനുസ്മരണ കുറിപ്പിൽ ചോദിച്ചു.

കുറിപ്പ് വായിക്കാം:

കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകത്തിന് ഇന്ന് 10 വയസ്സ്. കേരളത്തിന്റെ മനസ്സിൽ 51 വെട്ടിന്റെ മുറിപ്പാടുകളുമായി, സി.പി.എം ക്രൂരതയുടെ ചോരപുരണ്ട മുഖവുമായി ടി.പി ചന്ദ്രശേഖരൻ ഇന്നും ജീവിച്ചിരിക്കുന്നു.

ഏറെക്കാലം ജനാധിപത്യപരമായിത്തന്നെ ഉള്‍പ്പാര്‍ട്ടി പോരാട്ടം നടത്തിയെങ്കിലും സി.പി.എമ്മിനെ ഇടതുപക്ഷമാക്കുക എന്ന ദൗത്യം പരാജയമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് പുറത്തേക്കിറങ്ങി യഥാർഥ കമ്മ്യൂണിസ്റ്റായി ജീവിക്കാനും പ്രവർത്തിക്കാനും ടി.പി തീരുമാനിച്ചത്. ആ ടി.പിയെയാണ് സഹിഷ്ണുത തൊട്ടുതീണ്ടാത്ത സി.പി.എം ഫാസിസ്റ്റ് സംഘം വള്ളിക്കാട്ടെ തെരുവിൽ വെട്ടിയരിഞ്ഞത്.

സി.പി.എം വാളുകൾ വെട്ടിക്കീറിയ അച്ഛന്റെ തുന്നിച്ചേർത്ത മുഖത്തേക്ക് നോക്കാനാവാതെ കാലിൽ പിടിച്ച് കരയുന്ന ടി.പിയുടെ പ്രിയപ്പെട്ട മകന്റെ ചിത്രം ഇപ്പോഴും ഓർമയിൽ നിന്ന് പോയിട്ടില്ല.

അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യരെ എത്ര നികൃഷ്ടമായാണ് അവർ കൊന്നൊടുക്കുന്നത്. ഒടുവിൽ പ്രതികൾക്ക് വേണ്ടി എത്ര പണമാണ് സർക്കാർ ഖജനാവിൽ നിന്ന് പോലും ചിലവഴിക്കുന്നത്.

പാർട്ടിയുടെ നിർദേശപ്രകാരം കുറ്റകൃത്യം നടത്തി ജയിലിൽപ്പോയവരെ അവർ മാലയിട്ട് സ്വീകരിച്ചു. ശിക്ഷിക്കപ്പെട്ട് ജയിലില്‍പ്പോയിട്ടും കുഞ്ഞനന്തനെന്ന കൊലപാതകിയെ ഏരിയാ കമ്മിറ്റിയിലേക്ക്‌ അവർ തിരഞ്ഞെടുത്തിരുന്നല്ലോ. പരോളിലിറങ്ങി കുഞ്ഞനന്തൻ കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തു. ആദ്യ നാലുവര്‍ഷത്തില്‍ 389 ദിവസമാണ് കുഞ്ഞനന്തന് പരോള്‍ ലഭിച്ചത്. ഒടുവിൽ മരിച്ചപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി പോലും വീരോചിതമായ യാത്രയയപ്പല്ലേ കൊലയാളിക്ക് നൽകിയത്.

ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്‍ ആദ്യമായി ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ജയിൽ കവാടം മുതൽ മുദ്രാവാക്യങ്ങളുമായി പാർട്ടി പ്രവർത്തകർ അനുഗമിച്ചിരുന്നു.

ഇതൊക്കെ കൃത്യമായി സി.പി.എം തന്നെ മുന്നോട്ട് വെയ്ക്കുന്ന തെളിവുകളാണ്. പാർട്ടി നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ടി.പിയെ തെരുവിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത് എന്നതിന്റെ തെളിവ്.

ടി.പിയുടെ മരണത്തിൽപ്പോലും സി.പി.എമ്മിന് അദ്ദേഹത്തോടുള്ള വെറുപ്പും വിദ്വേഷവും അടങ്ങിയിരുന്നില്ല. ആ ക്രൂരതയുടെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ പ്രിയതമയായ കെ.കെ രമയോട് ഇക്കാലമത്രയും കാണിച്ചത്. ടി.പിയുടെ വേർപാടിൽ ജീവിതാന്ത്യം വരെ വിറങ്ങലിച്ചിരിക്കാൻ തയ്യാറാകാതെ രാഷ്ട്രീയപ്രവർത്തനം നടത്താനിറങ്ങിയ രമയുടെ സ്ത്രീത്വത്തെപ്പോലും പരിഹസിച്ച് സി.പി.എം തെരുവിലിറങ്ങി. മാർക്സിസ്റ്റ്‌ ക്രൂരതയെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന വടകരക്കാർ രമയെ നിയമസഭയിലേക്ക് അയച്ചു.

ടി.പി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, രമയിൽക്കൂടി. ജീവിച്ചിരുന്ന ടി.പിയേക്കാൾ കൊന്നുകളഞ്ഞ ടി.പിയെ അവർ ഭയപ്പെടുന്നു. ടി.പിയുടെ നാവായി, കൈകളായി രമ ഇവിടെത്തന്നെയുണ്ടാകും. ടി.പിയുടെ ഓർമകളെ എത്ര തവണ കൊല്ലാൻ ശ്രമിച്ചാലും, എത്ര വെട്ടുകൾ വെട്ടിയാലും അതിവിടെത്തന്നെയുണ്ടാകും എന്ന് സി.പി.എമ്മിനെ ഓർമിപ്പിക്കുന്നു.

Tags:    
News Summary - Ramesh Chennithala about TP Chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.