മലപ്പുറം: ലോക ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സാഹചര്യത്തിലാണ് ഈ വർഷത്തെ റമദാൻ സമാഗതമായത്. കോവിഡിന് സമാനമായി മറ്റുപല ദേശങ്ങളിലും പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലോകം മുഴുവനും പള്ളിവാതിലു കൾ അടക്കപ്പെടുന്നത്. വിശ്വാസിയെ സംബന്ധിച്ച് റമദാനിലെ ജുമുഅ-ജമാഅത്തുകൾ അന്യമാകുക എന്നത് തീരാത്ത നഷ്ടമാണ്.
ഒരുനന്മക്ക് തന്നെ 70 ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസം. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന മാസം. മനുഷ്യരാശിക്ക് സത്യാസത്യങ്ങളെ മനസ്സിലാക്കിക്കൊടുത്ത് നന്മയിലേക്ക് മാർഗദർശനം ചെയ്യുന്ന വിശുദ്ധ ഖുർആൻ അവതീർണമായ മാസം.
വളരെ നേരത്തേ റമദാനിനെ വരവേൽക്കാൻ വേണ്ടി മനസ്സും ശരീരവും ശുദ്ധിയാക്കി ഒരുങ്ങിയിരിക്കുന്നവരാണ് വിശ്വാസികൾ. വിശ്വാസിക്ക് റമദാൻ ആത്മസംസ്കരണത്തിെൻറ മാസമാണ്. പക്ഷെ, ലോകത്തെ വിറപ്പിച്ച മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ സന്തോഷങ്ങളെയും ഒരുമിച്ചുകൂടലുകളെയും വേണ്ടെന്ന് വെക്കുന്നത് സഹജീവി സ്നേഹത്തിെൻറ ഉദാത്തമായ മാതൃകയായി കണക്കാക്കണം.
വിശ്വാസി ഹൃദയങ്ങൾ നൊമ്പരപ്പെടുന്നെങ്കിലും എല്ലാത്തിനേക്കാളും പരമപ്രധാനമാണല്ലോ ജീവൻരക്ഷ എന്നത്. മനുഷ്യജീവന് ഏറ്റവും വലിയ വിലയാണ് ഇസ്ലാം നൽകുന്നത്. പകർച്ചവ്യാധികളുണ്ടായ സമയത്ത് പ്രവാചകർ മുഹമ്മദ് നബി തന്നെ വീടുകളിലിരിക്കാൻ കൽപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ റമദാനിലെ എല്ലാവിധ വിട്ടുവീഴ്ചകളും സമൂഹ നന്മക്കായുള്ള സത്പ്രവൃത്തിയാണെന്ന് മനസ്സിലാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദേശം പാലിക്കാൻ നാം ബാധ്യസ്ഥരാണ്. ഈ സുകൃത രാവുകളിലെ പ്രാർഥനകളിൽ മഹാമാരി നിർമാർജനവും ഉൾപ്പെടുത്തുക, സർവ ശക്തൻ ഇത് തുടച്ചുനീക്കുക തന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.