കാരുണ്യത്തി​ന്‍റെ നാളുകളെത്തു​മ്പോൾ...

പരിശുദ്ധ റമദാൻ സമാഗതമാകുന്നതോടെ കാരുണ്യത്തിന്‍റെ നിറ ഹസ്തങ്ങൾ ആവശ്യക്കാരുടെ മുൻപിലേക്ക് നീളുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. വർഗ–വർണ–ജാതി വ്യത്യാസമില്ലാതെ മാനുഷികതയാണ് ഇങ്ങനെ പ്രവർത്തിക്കുന്നവരുടെ പ്രചോദനം എന്ന് അറിയുമ്പോഴാണ് ഈ പ്രവർത്തനങ്ങളുടെ മാഹാത്മ്യം നാം അറിയുന്നത്. റമദാൻ വ്രതം ആരംഭിക്കുന്നതിന് മാസം മുൻപ് തന്നെ തങ്ങളുടെ പ്രദേശങ്ങളിൽ ഇഫ്താർ വിരുന്നുകൾ ഒരുക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. സാധാരണക്കാരിൽ സാധാരണക്കാരും തങ്ങളുടെ പങ്ക് അതെത്ര ചെറുതായാലും ഈ സംരഭത്തിലേക്ക് നൽകാൻ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ കുഗ്രാമങ്ങൾ പോലും റമദാൻ വന്നെത്തുന്നതോടെ ഒരു തരം ഐശ്വര്യത്തിന്‍റെ അന്തരീക്ഷത്തിലേക്ക് വഴി മാറുന്നു.

നാട്ടിലെ മഹല്ലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇഫ്താർ സംവിധാനങ്ങൾക്ക് പ്രധാനമായും സാമ്പത്തിക പിന്തുണ നൽകുന്നത് പ്രവാസികൾ തന്നെയാണ്. റമദാൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ നാട്ടിലെങ്ങും വ്യാപകമായി റമദാൻ കിറ്റുകൾ നൽകി വരുന്നതും വലിയ സഹായകമാണ്. പ്രവാസി അസോസിയേഷനുകളാണ് പ്രധാനമായും റമദാൻ കിറ്റുകൾ നൽകി വരുന്നത്. പ്രവാസത്തിന് തിരിച്ചടികൾ വന്ന് കൊണ്ടിരിക്കുന്നത് പഴയ പേലെയുളള ആർഭാടങ്ങൾക്ക് കുറവ് വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, നൽകുന്ന സഹായങ്ങളും സേവനങ്ങളും നാട്ടുകാരെ മുഴുവനും അറിയിച്ച് മാധ്യമങ്ങളിൽ ഫോട്ടോയും വാർത്തകളും നൽകുന്ന രീതി പലപ്പോഴും ദുർഗന്ധം പ്രസരിപ്പിക്കുന്നതാണ് എന്ന് പറയാതെ വയ്യ. ഇസ് ലാമിക വിശ്വാസ പ്രകാരം വലത് കരം ചെയ്യുന്നത് ഇടത് കരം അറിയരുതെന്ന പ്രമാണങ്ങളെ അവഗണിക്കുന്ന ശീലമാണ് പൊതുവെ കണ്ട് വരുന്നത്.

മറ്റുളളവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുമെന്നത് കൊണ്ട് തന്നെ യാണ് ഇസ് ലാം ഈ സമീപനം സ്വീ കരിച്ചിരിക്കുന്നത്. ഇത് പക്ഷേ നമ്മൾ പ്രവാസി സമൂഹം അറിയാത്ത മട്ടാണ്. മരുഭൂമിയിലെ അധ്വാനത്തിൽ നിന്ന് നാം നീക്കിവെക്കുന്ന വിയർപ്പിന്‍റെ ഗന്ധമുള്ള സമ്പാദ്യത്തിൽ നിന്ന് ആവശ്യക്കാർക്ക് നൽകുമ്പോൾ അത് വാങ്ങുന്നവന്‍റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ച് കൊണ്ടാകരുത്. ഇപ്പോഴിത് എഴുതാൻ കാരണം റമദാൻ റിലീഫുകളുടെ കിറ്റുകളും സകാത്തുകളും സജീവമാകുന്ന സന്ദർഭത്തിൽ ഓർമയുണ്ടാകാൻ വേണ്ടിയാണ്. ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ എല്ലാ വിഷയങ്ങൾക്കും ‘എ’ പ്ലസ് കരസ് ഥമാക്കിയ മുസ്ലിം പെ ൺകുട്ടി തനിക്കേറ്റ അപമാനം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്തത് മുസ് ലിം സമുദായത്തെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

കയറിക്കിടക്കാൻ ഒരു കൂരപോലുമില്ലാത്ത ആ പെൺകുട്ടി തന്‍റെ  ദുരിതം ഒരാളേയും അറിയിക്കതെയാണ് ജീവിച്ചിരുന്നത്. തന്‍റെ സഹപാഠികളെ പോലും ആ പെൺകുട്ടിയുടെ വീട്ടിലെ ദുരിതം അറിയിച്ചിരുന്നില്ല. എന്നാൽ, പരീക്ഷാഫലം വന്നപ്പോൾ പത്ര മാധ്യമങ്ങളിൽ വന്ന വാർത്തയും മഹല്ല് കമ്മിറ്റിയുടെ സഹായ വാഗ്ദാനവുമെല്ലാം പുറത്ത് വന്നത് അഭിമാനിയായ ആ പെ ൺകുട്ടിക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല. എന്‍റെ ജീവിതം എന്‍റെ മാത്രം എന്ന് എഴുതിവെച്ച് ആ പെൺകുട്ടി നിത്യ ജീവിതത്തിലേക്ക് യാത്രയായത് നൊമ്പരത്തോടെ മാത്രമേ ആലോചിക്കാൻ കഴിയൂ. റമദാനിന്‍റെ പവിത്രത നെഞ്ചേറ്റുന്ന പ്രവാസി സഹൃദയരോട് പറയാനുള്ളത് ഇത്ര മാത്രമാണ്. നിങ്ങൾ ഒരു പാട് ജീവന് ആശ്വാസം നൽകുന്നവരാണ്.

ഒരു പുനർജൻമം പോലെ തണലേകുന്നവരാണ്. എന്നാൽ നാം നൽകുന്ന സഹായ ഹസ്തം ഒരു വ്യക്തിയുടെ അഭിമാനത്തെ തൂക്കിലേറ്റുന്നതാകരുതെന്ന് തീരുമാനിക്കാൻ നമുക്ക് കഴിയണം. പ്രവാചകൻ മുഹമ്മദ് പഠിപ്പിച്ച ഒരു കരം ചെയ്യുന്നത് മറ്റേ കരം അറിയാത്ത തരത്തിലുളളതാകട്ടെ നമ്മുടെ സഹായങ്ങൾ. നാം നൽകുന്നത് അപരന്‍റെ കണ്ണീരൊപ്പുക എന്ന ലക്ഷ്യത്തോടെയാണെ ങ്കിൽ നാം ചെയ്യേണ്ടത് ഇതാണ്. നമ്മുടെ കമ്പനിയുടെയുടെയും നമ്മുടെ തന്നെയും പ്രഭാവത്തെ മാർക്കറ്റ് ചെയ്യാൻ ദയവ് ചെയ്ത് മറ്റുളളവന്‍റെ അഭിമാനത്തെ  ഉപയോഗിക്കാതിരിക്കുക.

Tags:    
News Summary - Ramadan messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.