തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം മാനവരാശിക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും മൂർത്തീഭാവമായിരുന്നു അദ്ദേഹമെന്നും രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു. ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടും അഗാധമായ സ്നേഹം അദ്ദേഹം കരുതിയിരുന്നു. തന്റെ അകമഴിഞ്ഞ പിന്തുണയിലൂടെ അദ്ദേഹം ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തെ ശാക്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി, അദ്ദേഹം വളരെയടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്നിരുന്നു മാർപാപ്പ. ആഗോള ഐക്യവുമായി ബന്ധപ്പെട്ട യോജിച്ച നിലപാടുകളും കാഴ്ചപ്പാടുകളും അവരുടെ കൂടിക്കാഴ്ചകളെ അടയാളപ്പെടുത്തി.
ഏതാനും മാസങ്ങൾക്ക് മുമ്പ് വത്തിക്കാനിൽ വെച്ച് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി താൻ കരുതുന്നുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സൂചിപ്പിച്ചു. സ്നേഹവും കരുതലും പ്രസരിപ്പിക്കുന്ന ഊഷ്മള സാന്നിധ്യമായിരുന്നു മാർപാപ്പയുടേത്.
ലോകത്തിന് ആത്മീയ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടത്. അഗാധമായ ദുഃഖത്തിന്റെ ഈ വേളയിൽ, ക്രൈസ്തവ സമൂഹത്തിന് പ്രാർഥനകളും ഹൃദയംഗമമായ അനുശോചനങ്ങളും അർപ്പിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.