'പെട്ടിമുടി ഉരുൾപൊട്ടൽ: കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരും'

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ തുടരുന്നത്. എല്ലാവരുടെയും സഹകരണത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നതെന്നും അവർ അറിയിച്ചു.

ഞായറാഴ്ച നടത്തിയ തെരച്ചിലില്‍ കാണാതായ രണ്ടു മൃതദേഹം കൂടി കണ്ടെത്തിയരുന്നു. ചിന്നത്തായ് (62), മുത്തുലക്ഷ്മി (25) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ 58 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 12 മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇവരുടെ മരണത്തിൽ  മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ആഗസ്റ്റ് 5നാണ് ഇടുക്കി രാജമലക്കടുത്ത്​ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത്. കണ്ണൻ ദേവൻ പ്ലാന്‍റേഷനിലെ പെട്ടിമുടി സെറ്റില്‍മെൻറിൽ സ്ഥിതി ചെയ്യുന്ന ലയങ്ങള്‍ക്ക് മുകളിലേക്കായിരുന്നു മണ്ണിടിഞ്ഞു വീണത്. 20 വീടുകളുള്ള നാല്​​ ലയങ്ങൾ പൂർണമായും ഒലിച്ചുപോയിരുന്നു​. 80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത്​.

ഇടമലക്കുടിയുടെ പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പെട്ടിമുടിയിൽ ഫോൺ ബന്ധം നിലച്ചിട്ട് മാസങ്ങളായി. കാലവർഷം ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകർന്നതിനാൽ ഫയർഫോഴ്സിനടക്കം എത്തിപ്പെടാൻ തടസ്സം നേരിട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.