ആലപ്പുഴ ബീച്ചില്‍ വലിയ  രാജഹംസത്തെ കണ്ടത്തെി

ആലപ്പുഴ: കേരളത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന വലിയ രാജഹംസത്തെ (വലിയ പൂനാര) ആലപ്പുഴ ബീച്ചില്‍ കണ്ടത്തെി. പരിസ്ഥിതി പ്രവര്‍ത്തകരും പക്ഷിനിരീക്ഷകരുമായ സജി ജയമോഹനനും വിനീത് വേണുഗോപാലുമാണ് പക്ഷിയെ കണ്ടത്. ലവണാംശം നിറഞ്ഞ ചതുപ്പുകളിലും തണ്ണീര്‍ത്തടങ്ങളിലുമാണ് ഈ പക്ഷിയെ കണ്ടുവരുന്നത്.

നീണ്ടുമെലിഞ്ഞ കഴുത്തും നീണ്ട കാലുകളും ഇവയുടെ പ്രത്യേകതയാണ്. മുതിര്‍ന്ന പക്ഷികളുടെ ചുണ്ടിലും ചിറകിലും പിങ്ക് നിറം കാണാം. പ്രായപൂര്‍ത്തിയാവാത്ത പക്ഷിയെയാണ് ആലപ്പുഴയില്‍ കണ്ടത്തെിയത്. ഇവ പൂര്‍ണമായും മാംസഭുക്കാണ്. മത്സ്യം, ചെറുഞണ്ട്, വിര മുതലയായവ പ്രധാന ആഹാരം. പക്ഷിനിരീക്ഷകനായ കെ.കെ. നീലകണ്ഠന്‍െറ (ഇന്ദുചൂഡന്‍) ‘പുല്ലു തൊട്ടു പൂനര വരെ’ എന്ന ഗ്രന്ഥത്തില്‍ ഈ പക്ഷിയെ പ്രതിപാദിച്ചിട്ടുണ്ട്. നിലത്തു ചളിയും പുല്ലുകളും കൂട്ടിവെച്ചാണ് ഇവ കൂടുകൂട്ടി പ്രജനനം നടത്തുന്നത്. തെക്കേ ഇന്ത്യയില്‍ ഇവ ധാരാളമായി എത്താറുള്ളത് തമിഴ്നാട്ടിലെ കുന്തംകുളത്താണ്.
ആന്ധ്രപ്രദേശിലെ പുലിക്കട് പക്ഷിസങ്കേതം, ഗുജറാത്തിലെ ഖിജഡിയ നല്‍സരോവര്‍ പക്ഷിസങ്കേതം, രാജസ്ഥാനിലെ ഭരത്പൂര്‍ പക്ഷിസങ്കേതം, മഹാരാഷ്ട്രയിലെ ഭിഗ്വാന്‍ പക്ഷിസങ്കേതം, ഒഡിഷയിലെ ചില്‍ക തടാകം എന്നിവിടങ്ങളില്‍ കൂട്ടമായി കാണപ്പെടുന്നു. 

ഇവ ശൈത്യകാലങ്ങളില്‍ ചൂട് കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ദേശാടനം നടത്താറുണ്ട്. എന്നിരുന്നാലും കേരളത്തിലേക്ക് ഇവ എത്തുന്നത് അപൂര്‍വമാണ്. ഇവയുടെ ബന്ധുവായ ലെസര്‍ ഫ്ളെമിംഗോ (ചെറിയ രാജഹംസം) കേരളത്തില്‍ ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊതുവെ ഈ പക്ഷികള്‍ ചൂടുകൂടിയ പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. ഇവയുടെ കേരളത്തിലേക്കുള്ള വരവ് നമ്മുടെ പ്രദേശം ചൂട് കൂടിയതാകുന്നതിന്‍െറ ലക്ഷണമാണോ എന്ന് പക്ഷിനിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കപ്പെടുന്നു.
 

Tags:    
News Summary - rajahamsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.