തിരുവനന്തപുരം: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ നടന്ന പരിപാടിയിൽ ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ പ്രസംഗങ്ങളും വിവാദങ്ങളും പറയാനുള്ള സ്ഥലമല്ല രാജ്ഭവനെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ആർ.എസ്.എസ് നേതാവിനെ ഔദ്യോഗികമായി ക്ഷണിച്ച് വരുത്തി മുൻ കേന്ദ്ര സർക്കാരുകളെയും മുൻ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ രാഷ്ട്രീയ പരാമർശം നടത്തിയത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം സംസ്ഥാന സർക്കാർ ഗവർണറെ അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്‍റെ തലപ്പത്ത് ഇരിക്കുന്ന ഗവർണറുടെ ആസ്ഥാനമാണ് രാജ്ഭവൻ. രാജ്ഭവനിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ല. സൈനിക, വിദേശകാര്യ വിദഗ്ധന്മരെ കൊണ്ടുവന്ന് പ്രഭാഷണം നടത്തുന്നതിനോ കേന്ദ്ര സർക്കാർ ചെയ്ത കാര്യങ്ങളെ കുറിച്ച് പറയുന്നതിനോ വിരോധമില്ല.
ആർ.എസ്.എസ് നേതാവ് രാജ്ഭവനിൽ രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നു. ഈ വിഷയത്തിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
'ഓപറേഷൻ സിന്ദൂർ: മെഴുകുതിരി വെളിച്ചത്തിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള മാതൃകാപരമായ മാറ്റം' എന്ന വിഷയത്തിലാണ് രാജ്ഭവൻ പ്രഭാഷണം സംഘടിപ്പിച്ചത്. ഈ പരിപാടിയിലാണ് ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തി രാഷ്ട്രീയ പരാമർശങ്ങൾ നടത്തിയത്.
50 കൊല്ലം കോൺഗ്രസിന് എടുക്കാൻ കഴിയാതിരുന്ന നിലപാടാണ് ഓപറേഷൻ സിന്ദൂറിൽ ശശി തരൂർ സ്വീകരിച്ചതെന്ന് ഗുരുമൂർത്തി പറഞ്ഞു. റഫാൽ യുദ്ധവിമാനം വാങ്ങാൻ തീരുമാനിച്ചപ്പോൾ കേന്ദ്ര സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചവരാണ് പ്രതിപക്ഷമെന്നും ഗുരുമൂർത്തി വ്യക്തമാക്കി.
പാകിസ്താനുള്ള തിരിച്ചടിക്ക് ഇന്ത്യ ഒരുക്കം തുടങ്ങിയത് പഹൽഗാമിന് ശേഷമല്ലെന്നും 10 വർഷം മുമ്പേ ഇന്ത്യൻ സൈന്യം തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. നേരിട്ട് സമ്പർക്കമില്ലാത്ത യുദ്ധമുറയായ നോൺ കോൺടാക്റ്റ് വാർ മോഡലിലേക്ക് മാറിയതാണ് ഓപറേഷൻ സിന്ദൂറിന്‍റെ വിജയത്തിന് കാരണമെന്നും ഗുരുമൂർത്തി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ നായരുടെ കുടുംബത്തെ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.