സൂചനാ ചിത്രം

തീവ്ര ന്യൂനമർദം: കേരളത്തിൽ അഞ്ച് ദിവസം മഴക്ക് സാധ്യത, മത്സ്യബന്ധനത്തിന് പോയവർ മടങ്ങിയെത്താൻ നിർദേശം

കോഴിക്കോട്: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വൈകുന്നേരം വരെ പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യൂന മർദ്ദം തുടർന്ന് പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു ദിശ മാറി നാളെ ശ്രീലങ്കതീരത്തു കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ന്യൂന മർദ്ദത്തിന്‍റെ പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. തീവ്ര-ന്യൂനമർദത്തിന്‍റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ ജനുവരി 31നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണം.

31 മുതൽ ഫെബ്രുവരി നാല് വരെ ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 

Tags:    
News Summary - rain warning for next five days in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.