ന്യൂനമർദം, കനത്ത ജാഗ്രത; കോഴിക്കോടും വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: അതിതീവ്രമഴയിൽ നട്ടംതിരിയുന്ന കേരളത്തിന് ഭീഷണിയായി ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെട്ടു. ഇതോടെ, കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 204 മി. മീറ്ററിനു മുകളിൽ മഴയാണ് ഇരു ജില്ലകളിലും പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ ബുധനാഴ്ച (28) സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർ സ്നേഹിൽകുമാർ സിങ് അറിയിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ എന്നിവക്കും അവധി ബാധകമാണ്.

വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. റസിഡന്‍ഷല്‍ സ്‌കൂളുകള്‍, റസിഡന്‍ഷല്‍ കോളേജുകള്‍, സര്‍വകലാശാലാ പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്. ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവക്ക് സാധ്യതയുണ്ടെന്നും പ്രദേശവാസികൾ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും സർക്കാർ നിർദേശം നൽകി.

കേരള തീരങ്ങളിൽ റെഡ് അലർട്ട്

ചക്രവാതച്ചുഴിയുടെയും ശക്തമായ കാറ്റിന്‍റെയും സാന്നിധ്യത്തെ തുടർന്ന് കേരള തീരത്ത് അടുത്ത 48 മണിക്കൂറിൽ നാല് മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ തീരങ്ങൾ റെഡ് അലർട്ടിലാണ്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Tags:    
News Summary - Rain: Holiday for educational institutions in Kozhikode and Wayanad tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.