മഴ ഇന്ന് അർധരാത്രി മുതൽ; മൺസൂൺ സമയം തെറ്റാനിടയില്ല

തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‌മൺസൂൺ കൃത്യസമയത്തു തന്നെ ലഭിക്കാനാണു സാധ്യതയെങ്കിലും മെയ് 15 നു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തയുണ്ടാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച വൈകിട്ടു മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ–തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. എന്നാൽ, അടുത്ത ആഴ്ച മധ്യ–തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.

ശക്തമായ മഴ സാധ്യത കണക്കാക്കി ഒൻപതിന് മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെ​ല്ലോ അലർട്ട് പ്രഖ്യാപിച്ചു. 15ന് ശേഷം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ മൺസൂൺ കൃത്യ സമയത്തു തന്നെ ലഭിക്കുമെന്നും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ധർ പറയുന്നു.

മെയ് അവസാനം വരെ ചൂടിനു ശമനമുണ്ടാകില്ല. ഇന്നലെ പകൽ പാലക്കാട് രേഖപ്പെടുത്തിയ 39.4 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട്. കനത്ത ചൂട് മൂന്ന് ദിവസവും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രികാല താപനില മുന്നറിയിപ്പുണ്ട്. രാത്രിയിലും പുലർച്ചെയും 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില കൂടുതൽ ഇടങ്ങളിൽ രേഖപ്പെടുത്തുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. 

Tags:    
News Summary - Rain from midnight today; Monsoon time can't be wrong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.