തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രവേശനം കൺഫേം ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമായി നിജപ്പെടുത്തുന്നു. ആദ്യഘട്ടത്തിൽ രാജ്യത്തെ 60 പ്രധാന സ്റ്റേഷനുകളിലാണ് ക്രമീകരണം. ഇതിൽ തിരുവനന്തപുരം സെൻട്രലും ഉണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി.
നിയന്ത്രണമേർപ്പെടുത്തുന്ന സ്റ്റേഷനുകൾക്ക് പുറത്ത് സ്ഥിരം വെയിറ്റിങ് ഏരിയ സ്ഥാപിക്കും. ടിക്കറ്റില്ലാത്തവരോ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവരോ ഇവിടെയാണ് തങ്ങേണ്ടത്. ഉദ്യോഗസ്ഥരെ വിന്യസിച്ചാവും പ്രവേശന നിയന്ത്രണം. ട്രെയിനുകൾ എത്തുമ്പോഴേ യാത്രക്കാരെ പ്ലാറ്റ്ഫോമുകളിലേക്ക് പോകാൻ അനുവദിക്കൂ. ഇത് പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം സ്റ്റേഷനുകളിലേക്കുള്ള എല്ലാ അനധികൃത പ്രവേശന കവാടങ്ങളും അടയ്ക്കും.
എല്ലാ പ്രധാന സ്റ്റേഷനിലും മുതിർന്ന ഉദ്യോഗസ്ഥനെ സ്റ്റേഷൻ ഡയറക്ടറായി നിയമിക്കും. അടിയന്തരഘട്ടങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സ്റ്റേഷൻ ഡയറക്ടർക്കുണ്ടാകും. മറ്റെല്ലാ വകുപ്പുകളും സ്റ്റേഷൻ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗാമായി വീതിയേറിയ ഫുട് ഓവർബ്രിഡ്ജുകൾ സ്ഥാപിക്കും. 12 മീറ്റർ വീതിയുള്ള ഇത്തരം പാലങ്ങൾക്കായി രണ്ടുതരം ഡിസൈനും തയാറാക്കി.
സാധാരണ, തിരക്കുള്ള സമയങ്ങളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാണ് പ്രവേശനം നിയന്ത്രിക്കാറുള്ളത്. കോവിഡ് കാലത്ത് റെയിൽവേ സ്റ്റേഷനുകളിൽ ഈ രീതി സ്വീകരിച്ചുവെങ്കിലും വ്യാപക വിമർശനമുയർന്നിരുന്നു.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വിമാനത്താവള മാതൃകയിൽ പ്രവേശനത്തിനും തിരിച്ചിറങ്ങലിനും പ്രത്യേക കവാടം സജ്ജീകരിക്കാൻ നേരത്തെ തീരുമാനമുണ്ടായിരുന്നു. ഇതിന് ബംഗളൂരു ആസ്ഥാനമായ റെയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി രൂപരേഖ തയാറാക്കിയിരുന്നു. ഇതുമായി കൂടി ബന്ധിപ്പിച്ചാകും പുതിയ ക്രമീകരണം നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.