കണ്ണൂർ: മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവിൽ പരിഗണന നൽകാതെ റെയിൽവേ. പതുക്കെ സ്വകാര്യവത്കരണത്തിലേക്ക് കടക്കുന്ന റെയിൽവേ ലാഭം ഉയർത്താനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് കാലത്ത് മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് ഇളവുകൾ നിർത്തലാക്കിയത്.
കണ്ണൂർ -കോഴിക്കോട് റൂട്ടിൽ അടക്കം മുഴുവൻ പാസഞ്ചർ ട്രെയിനുകളും പുനഃസ്ഥാപിച്ചപ്പോഴും മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവിന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനമൊന്നുമായില്ല. 58 കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും 60 പൂർത്തിയായ പുരുഷന്മാർക്ക് 40 ശതമാനവുമാണ് കോവിഡിനുമുമ്പ് ടിക്കറ്റ് ഇളവ് ലഭിച്ചിരുന്നത്.
കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ സ്റ്റേഷനുകളിലെ യാത്രക്കാരിൽ 20 ശതമാനത്തോളം മുതിർന്ന പൗരന്മാരാണ്. സാധാരണക്കാർക്ക് അടക്കം റിസർവേഷനിലും ജനറൽ ടിക്കറ്റിലും പകുതിയോളം ഇളവ് ലഭിക്കുന്നത് ആശ്വാസമായിരുന്നു. ജീവിത സായാഹ്നത്തിൽ വരുമാനമില്ലാത്ത മുതിർന്നവർക്ക് ഇളവ് പുനഃസ്ഥാപിക്കണമെന്നത് ഏറെനാളത്തെ ആവശ്യമാണ്. മുതിർന്ന പൗരന്മാരുടെയും പെൻഷൻകാരുടെയും റെയിൽവേ യാത്രക്കാരുടെയും സംഘടനകൾ നിരന്തരം ഈ ആവശ്യവുമായി റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു.
അതിനിടെ, മുതിർന്ന പൗരന്മാരുടെ ഇളവുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡ് ഒരുങ്ങുന്നതായും വിവരമുണ്ട്. ജനറൽ, സ്ലീപ്പർ ക്ലാസുകളിൽ മാത്രമായിരിക്കും മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകുകയെന്നും പ്രായപരിധി 70 വയസ്സായി ഉയർത്തുമെന്നും വിവരമുണ്ട്. ഇളവുകൾ പൂർണമായി ഒഴിവാക്കില്ലെങ്കിലും പ്രായപരിധി ഉയർത്തുകയാണെങ്കിൽ നിരവധിപേർ ആനുകൂല്യത്തിന് പുറത്താവും. മുതിർന്ന പൗരന്മാരായ യാത്രക്കാരിൽ 80 ശതമാനവും 60നും 70നും ഇടയിൽ പ്രായമുള്ളവരാണ്. ചികിത്സാർഥം നിരവധി പേരാണ് സ്ഥിരമായി കോഴിക്കോട്ടേക്കും മംഗളൂരുവിലേക്കും യാത്രചെയ്യുന്നത്. നേരത്തെ ടിക്കറ്റ് റിസർവ് ചെയ്യുമ്പോഴും ജനറൽ ടിക്കറ്റെടുക്കുമ്പോഴും അമ്പത് ശതമാനത്തോളം ഇളവ് ലഭിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു.
പാസഞ്ചർ വണ്ടികൾ പുനഃസ്ഥാപിച്ചെങ്കിലും സ്പെഷൽ, എക്സ്പ്രസ് ട്രെയിനുകളായാണ് ഓടിക്കുന്നത്. കുറഞ്ഞ നിരക്ക് 30 രൂപയാണ്.
ലോക്ഡൗണിനുശേഷം ട്രെയിൻ ഗതാഗതം സാധാരണ നിലയിലായിട്ടും പാസഞ്ചർ വണ്ടികൾക്ക് എക്സ്പ്രസ് നിരക്ക് ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.