വടകര: വരുമാന പരിഷ്കാരത്തിെൻറ പേരില്‍ റെയില്‍വേ പകൽക്കൊള്ള നടത്തുകയാണെന്ന് ആക്ഷേപം. മിനിമം ചാര്‍ജ് 10 രൂപയില്‍നിന്ന് 30 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ദുരിതത്തിലായ ജനത്തിന് ഇരുട്ടടിയാവും നിരക്കുവർധന.
ഇതോടൊപ്പം, പാസഞ്ചര്‍ വണ്ടി എക്സ്പ്രസും എക്സ്പ്രസ് സൂപ്പര്‍ ഫാസ്റ്റും ആക്കുന്നതോടെ യാത്രനിരക്ക് വീണ്ടും കൂടും. പാസഞ്ചര്‍ ട്രെയിനുകൾ മാത്രം നിർത്തുന്ന പ്രാദേശിക റെയില്‍വേ സ്റ്റേഷനുകള്‍ നോക്കുകുത്തിയാവുകയും ചെയ്യും. മലബാറില്‍ മാത്രം 60 റെയില്‍വേ സ്റ്റേഷനുകള്‍ പുതിയ തീരുമാനപ്രകാരം സ്ഥലം മുടക്കികളാവും.
കാസര്‍കോട് മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ പാസഞ്ചര്‍ ട്രെയിനുകള്‍ ജനങ്ങളുടെ പ്രധാന ആശ്രയമാണ്. ഷൊര്ണ്ണൂരിനപ്പുറത്തേക്ക് മെമു സര്‍വിസുണ്ട്. ചെറിയ ഇടവേളയില്‍ മെമു സര്‍വിസുള്ള ഇടങ്ങളില്‍ പാസഞ്ചര്‍ ആവശ്യമില്ല. ഈ സാഹചര്യത്തില്‍, പാസഞ്ചറുകള്‍ നിർത്തലാക്കുമ്പോള്‍ അടിയന്തരമായി മലബാര്‍ മേഖലയില്‍ മെമു സര്‍വിസും പാന്‍ട്രി കാര്‍ നിര്ത്തിയതിനുപകരം മിതമായ നിരക്കില്‍ ശുചിത്വമുള്ള ഭക്ഷണം ഉറപ്പുവരുത്തണമെന്നുമാണ് പൊതുവായ ആവശ്യം. വരുമാനം കൂട്ടാൻ റെയില്‍വേ മറ്റു മാർഗങ്ങൾ തേടണമെന്നാണ് യാത്രക്കാർ നിർദേശിക്കുന്നത്.
കൊറിയര്‍ സര്‍വിസ്, വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്ന ചരക്കുനീക്കം, ടിക്കറ്റ് പരിശോധന കാര്യക്ഷമമാക്കൽ, റെയില്‍വേ സ്റ്റേഷന് പരിസരത്ത് കെട്ടിക്കിടക്കുന്ന സ്ക്രാപ്പുകളും മുറിഞ്ഞുവീണ മരങ്ങളും ലേലം ചെയ്യൽ തുടങ്ങിയവയാണ് മലബാര്‍ റെയില്‍വേ യൂസേഴ്സ് ഫോറമുള്‍പ്പെടെ മുന്നോട്ടു വെക്കുന്ന നിര്‍ദേശം.
പാസഞ്ചര്‍ നിര്‍ത്തലാക്കുന്ന പക്ഷം മലബാര്‍ മേഖലയില്‍ മെമു സര്‍വിസ് അടിയന്തരമായി ആരംഭിക്കണമെന്ന് മലബാര്‍ റെയില്‍വേ യൂസേഴ്സ് ഫോറം സെക്രട്ടറി മണലില്‍ മോഹനന് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.