നിലമ്പൂര്‍: നിലമ്പൂരിൽ മത്സരിക്കാൻ പി.വി. അൻവർ തയാറെടുക്കുന്നുവെന്ന വാർത്തകൾക്കിടെ അനുനയ നീക്കവുമായി കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എം.എൽ.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച അര്‍ധരാത്രി അന്‍വറിന്‍റെ ഒതായിയിലെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ചശേഷം യു.ഡി.എഫിലേക്ക് ഇനിയില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയതിനു പിന്നാലെയാണ് മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ച. വീട്ടിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ഇക്കാര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലോ, കോൺഗ്രസോ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അന്‍വറും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്‍റെ വിഡിയോ പ്രചരിക്കുന്നുണ്ട്.
കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയപ്പോൾ ‘ഓൾ ദ് ബെസ്റ്റ്’ എന്ന് അൻവറും ‘ഗുഡ്നൈറ്റ്’ എന്ന് രാഹുലും പറയുന്നുണ്ട്. ഔദ്യോഗിക ചർച്ചയല്ലെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. വിവാദം കത്തിച്ചുനിർത്തി നിലമ്പൂരിൽ മത്സരിക്കാനാണ് അൻവറിന്റെ നീക്കമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. സമ്മർദതന്ത്രമെന്ന നിലക്കാണെങ്കിലും നിലമ്പൂരിൽ മത്സരിക്കുമെന്ന സൂചനയാണ് അൻവർ നൽകിയത്. ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്ന യു.ഡി.എഫ് ഉപാധിക്ക് വഴങ്ങാതിരുന്ന അൻവർ, ഷൗക്കത്ത് നിലമ്പൂരിൽ മികച്ച സ്ഥാനാർഥിയല്ലെന്ന് പറയാൻ കാരണങ്ങളുണ്ടെന്ന് ആവർത്തിക്കുകയാണ് ചെയ്തത്.
ഫലത്തിൽ നിലമ്പൂരിലെ സ്ഥാനാർഥിയെ അംഗീകരിക്കണമെന്ന യു.ഡി.എഫ് ഏകോപന സമിതി നിർദേശം അൻവർ തള്ളുകയായിരുന്നു. അൻവറുമായി ചർച്ച വേണ്ടെന്ന തീരുമാനത്തിലേക്ക് യു.ഡി.എഫ് അന്തിമമായി എത്താൻ കാരണമിതാണ്. പ്രശ്നപരിഹാരത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം ഇടപെട്ട് നടത്തിയ മാരത്തൺ ചർച്ചകളാണ് വിഫലമായത്.
അൻവർ മത്സരിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് വി.ഡി. സതീശനടക്കം കോൺഗ്രസ് നേതാക്കൾ. ഇരു മുന്നണികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിൽ അൻവർ നിഷ്പ്രഭമാകുമെന്ന വിലയിരുത്തിലാണ് ഈ വിഭാഗം. എന്നാൽ, മുൻ എം.എൽ.എയായ അൻവർ മത്സരിച്ചാലുള്ള അപകടസാധ്യതകൾ മുസ്‍ലിം ലീഗ് നേതൃത്വം മുന്നിൽ കാണുന്നുണ്ട്. അൻവർ പിടിക്കുന്നത് കുറഞ്ഞ വോട്ടുകളാണെങ്കിലും അവ യു.ഡി.എഫ് വോട്ടുകളാവുമെന്ന മുന്നറിയിപ്പ് ഈ നേതാക്കൾ നൽകുന്നുണ്ട്.
ഷൗക്കത്തിനെതിരായ നെഗറ്റീവ് വോട്ടുകൾ അൻവറിന് വീഴാൻ സാധ്യതയുമുണ്ട്. എം. സ്വരാജുമായുള്ള പോരാട്ടത്തിൽ യു.ഡി.എഫിന്റെ ശക്തി ചോർത്തിക്കളയുന്നതാണ് അൻവറിന്റെ സാന്നിധ്യമെന്ന വിലയിരുത്തലിലാണ് ഈ വിഭാഗം.
അൻവർ രണ്ടും കൽപിച്ചാണ് നീങ്ങുന്നതെന്നാണ് തൃണമൂൽ കേന്ദ്രങ്ങൾ നൽകുന്ന സൂചന. മത്സരത്തിന് ഒരുങ്ങാൻ അദ്ദേഹം പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. തൃണമൂൽ സംസ്ഥാന പ്രവർത്തക സമിതിയും കേന്ദ്ര നേതൃത്വവും പാർട്ടി ഒറ്റക്ക് മത്സരിക്കണമെന്ന തീരുമാനത്തിലാണ്. അൻവറിനെ അവഗണിച്ചതിലുള്ള പ്രതിഷേധം തൃണമൂൽ കോൺഗ്രസ് രാജ്യസഭ കക്ഷിനേതാവ് ഡെറിക് ഒബ്റോൺ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.