കോഴിക്കോട്: ബലാത്സംഗക്കേസുകളിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തനിക്കും മോശം മെസ്സേജ് അയച്ചെന്ന് കെ.പി.സി.സി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. ഇക്കാര്യം അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഷാഫി പറമ്പിലിനോട് പറഞ്ഞെങ്കിലും ഒരു മറുപടിയും തന്നില്ലെന്നും ഷഹനാസ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.
‘കർഷക സമരത്തിൽ പങ്കെടുത്ത് ഡൽഹിയിൽനിന്ന് തിരിച്ചെത്തിയ സമയത്ത് രാഹുൽ എനിക്കും മെസ്സേജ് അയച്ചിരുന്നു. എന്തുകൊണ്ട് പറയാതെ തിരിച്ചുപോയി എന്ന് രാഹുൽ ചോദിച്ചു. യൂത്ത് കോൺഗ്രസിന്‍റെ മുഴുവൻ ആളുകളുണ്ടെങ്കിൽ സമരത്തിന് ഇനിയും പോകാമെന്ന് പറഞ്ഞപ്പോൾ, ‘‘ഞാൻ അങ്ങിനെയല്ല ഉദ്ദേശിച്ചത്, നമ്മൾ രണ്ടാളും പോകുന്ന കാര്യമാണ് ഉദ്ദേശിച്ചത്’’ എന്നാണ് രാഹുൽ പറഞ്ഞത്. അതിനുള്ള മറുപടി അന്ന് തന്നെ ഞാൻ കൊടുത്തു. ഇക്കാര്യം അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഷാഫി പറമ്പിലിനോട് പറഞ്ഞു. എന്‍റെ അനുഭവം മാത്രമല്ല, മറ്റുള്ളവർക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട് എന്നും അന്ന് ഷാഫി പറമ്പിലിനോട് പറഞ്ഞു. എന്നാൽ, ഷാഫി ഒരു മറുപടിയും തന്നില്ല. വാട്സ്ആപ്പിൽ ഞാൻ പറഞ്ഞത് കണ്ടിട്ടും ഒന്നും പ്രതികരിച്ചില്ല. ഇപ്പോൾ എല്ലാം പ്രശ്നമായപ്പോൾ അന്നേ പറഞ്ഞില്ലേ എന്ന് ഞാൻ ഷാഫി പറമ്പിലിന് മെസ്സേജ് അയച്ചു. അപ്പോൾ ഒരു സങ്കട സ്മൈലി അദ്ദേഹം തിരിച്ചയച്ചു’ -ഷഹനാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റാക്കിയപ്പോൾ ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാനുള്ള ഇടമാണ് യൂത്ത് കോൺഗ്രസെന്നും അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്നും ഷാഫി പറമ്പിലിനോട് പറഞ്ഞിരുന്നെന്ന് നേരത്തെ ഫേസ്ബുക്ക് കുറിപ്പിലും ഷഹനാസ് വ്യക്തമാക്കിയിരുന്നു. ആ വാക്കിന് ഷാഫി പറമ്പിൽ ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത് എന്നും ഷഹനാസ് ഫേസ്ബുക്കിൽ എഴുതി.
‘ദയനീയത എന്താണ് എന്ന് അറിയുമോ, എന്റെ നാടായ ഈ നാട്ടിലെ ഒരു ഇരയായ ഒരു പെണ്ണ് കൂടെ ആണ് ഞാൻ... ഞാൻ വിശ്വസിക്കുന്ന പ്രവർത്തിക്കുന്ന എന്റെ കോൺഗ്രസ് പ്രസ്ഥാനം എന്നെ അപമാനിച്ചിട്ടേ ഉള്ളൂ... എന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയെ കോഴിക്കോട് കോൺഗ്രസിന്‍റെ പ്രധാന പരിപാടിയിൽ പങ്കെടുപ്പിക്കുകയും പിന്നീട് അതിന് എതിരെ ഞാൻ പ്രതികരിച്ചപ്പോൾ ഡിസിസി അധ്യക്ഷൻ ഡി.സി.സി സെക്രട്ടറിയെ ആ വേട്ടപ്പട്ടിയുടെ വക്കീൽ ആക്കി കൊടുക്കുകയും പിന്നീട് ഇപ്പോൾ ആ വക്കീലിനെ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ ഡി.സി.സി ട്രഷറർ ആക്കുകയും ചെയ്ത ആളാണ്... എന്നിട്ടും ഇരയായ ആ ഡി.സി.സി ഓഫീസിൽ പോകുന്ന എന്റെ ഗതികേട് ഒന്ന് ആലോചിച്ചു നോക്കു....’ -എം.എ. ഷഹനാസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.