പി.സരിൻ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ

'പിരായിരി എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് ഭ്രാന്താണ്, പിരായിരി എണ്ണി കഴിഞ്ഞു, മുനിസിപ്പാലിറ്റി എണ്ണി..'; സരിനെ ട്രോളി രാഹുൽ

പാലക്കാട്: കനത്ത പ്രതിഷേധങ്ങൾക്കിടെ പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ പഴയ സ്ഥാനാർഥിയെ 'മറന്നില്ല'. ഉദ്ഘാടനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി തനിക്കെതിരെ മത്സരിച്ച പി.സരിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ടാണ് രാഹുൽ തുടങ്ങിയത്.

"പിരായിരി എന്ന് കേൾക്കുമ്പോൾ ചിലർക്ക് ഭ്രാന്താണ്, പിരായിരി എണ്ണി കഴിഞ്ഞു, മുനിസിപ്പാലിറ്റി എണ്ണി കഴിമ്പോഴും കണ്ണാടി എണ്ണി കഴിയുമ്പോഴും മാത്തൂർ എണ്ണി കഴിയുമ്പോഴുമെല്ലാം ഐക്യജനാധിപത്യമുന്നണിയുടെ മതേതരത്വത്തെ ചേർത്ത് പിടിക്കുന്ന ആളുകളാണ് ഈ നാട്ടിൽ നിന്ന് കടുത്ത വർഗീയ പ്രചാരണങ്ങളെ അതിജീവിച്ച് എല്ലാ കാലത്തും ജയിച്ച് പോന്നിട്ടുള്ളത്'- രാഹുൽ പറഞ്ഞു. 'പിരായിരി എണ്ണി കഴിഞ്ഞാൽ ഞാൻ ജയിക്കും'-എന്ന് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്ന സരിനെ ലക്ഷ്യംവെച്ചായിരുന്നു രാഹുലിന്റെ വാക്കുകൾ.

വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് പരസ്യമായി അറിയിച്ച് രാഹുൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞു. തൊട്ടുപിന്നാലെ ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇതോടെ കാറിൽ നിന്നിറങ്ങിയ രാഹുൽ കാൽനടയായി മുന്നോട്ടുപോകാൻ ശ്രമിച്ചു. രാഹുലിന് പിന്തുണയുമായി കോൺഗ്രസ്-ലീഗ് പ്രവർത്തകർ ഓടിയെത്തിയതോടെ സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധം വകവെക്കാതെ കോൺഗ്രസുകാർ രാഹുലിനെ എടുത്തുയർത്തി ഉദ്ഘാടന വേദിയിലെത്തിച്ചു.

ഈ നാട്ടിലെ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ചത് പാലക്കാട് മണ്ഡലത്തില്‍ വികസനം കൊണ്ടുവരാനാണെങ്കില്‍ ആര് എതിരു നിന്നാലും വികസനം കൊണ്ടുവന്നിരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പ്രതിഷേധം ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ എന്റെ വഴിമുടക്കാമെന്ന് വിചാരിക്കേണ്ട. വാഹനത്തിൽ പോകണമെന്നെനിക്ക് നിർബന്ധമൊന്നും ഇല്ല, വാഹനമില്ലേലും പാലക്കാട് മുഴുവൻ ഞാൻ നടന്നു പോകും. ഈ നാട്ടുകാരുടെ പിന്തുണയുണ്ടെന്ന് എനിക്കുറപ്പാണെന്നും രാഹുൽ പറഞ്ഞു. 

Tags:    
News Summary - Rahul Mamkootathil mocks P. Sarin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.