കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതിൽ റൂറൽ എസ്.പി ബൈജുവിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്ത്. ബൈജുവിന് കൺഫേഡ് ഐ.പി.എസ് നൽകിയത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന്‍റെ പാരിതോഷികമായാണ്. നൊട്ടോറിയസ് ക്രിമിനലാണയാൾ. ബൈജു സി.പി.എം ജില്ലാ സെക്രട്ടറിയുടെ പണി ചെയ്യേണ്ടെന്നും കോൺഗ്രസ് പ്രവർത്തകരുടെ മെക്കിട്ട് കയറാമെന്ന് കരുതേണ്ടെന്നും കോഴിക്കോട്ട് ഷാഫി പറമ്പിലിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
“ചോരയൊഴുകുമ്പോഴും ഷാഫി പറഞ്ഞ കാര്യങ്ങളാണ് ഇതിലെ രാഷ്ട്രീയം. ശബരിമലയിൽ അയ്യപ്പന്‍റെ പൊന്നുകട്ട വിഷയം മറയ്ക്കുവാൻ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായാണ് എം.പിയായ ഷാഫിയെപ്പോലും ക്രൂരമായി തെരുവിൽ മർദിക്കുന്നത്. ജില്ലാ കോൺഗ്രസ് അധ്യക്ഷനെയും കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്‍റിനെയും മർദിക്കുന്നു.
ഇവിടുത്തെ റൂറൽ എസ്.പിയുണ്ട്, ബൈജു. അയാൾക്ക് സർക്കാർ കൺഫേഡ് ഐ.പി.എസ് നൽകിയതുതന്നെ മുൻകാലത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന്‍റെ പാരിതോഷികമായിട്ടാണ്. കോഴിക്കോട് നഗരത്തിൽ തന്നെ ജോയൽ എന്നൊരു കോൺഗ്രസ് പ്രവർത്തകനെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച നൊട്ടോറിയസ് ക്രിമിനലാണയാൾ. ഷാഫി പറമ്പിലിനെ പൊലീസ് ആക്രമിച്ചിട്ടില്ലെന്നാണ് അയാളിന്നലെ പറഞ്ഞത്.
ദൃശ്യങ്ങൾ തെളിവായി നിൽക്കുമ്പോഴാണ് ബൈജു ഇത് പറയുന്നത്. റൂറൽ എസ്.പിയുടെ പണി മാത്രം ബൈജു നടത്തിയാൽ മതി, സി.പി.എം ജില്ലാ സെക്രട്ടറിയുടെ പണി ചെയ്യണ്ട. ഐ.പി.എസ് കൺഫർ ചെയ്തുതന്നതിന്‍റെ നന്ദി കാണിക്കാൻ കോൺഗ്രസ് പ്രവർത്തകരുടെ മെക്കിട്ട് കയറാമെന്ന് ബൈജുവടക്കം ഒരു പൊലീസുകാരനും വിചാരിക്കണ്ട. കേരളത്തിലെ മുഴുവൻ യു.ഡി.എഫുകാരെയും ചോരയിൽ മുക്കിയാലും അയ്യപ്പന്‍റെ സ്വർണമെവിടെയെന്ന് ഞങ്ങൾ ചോദിക്കും” -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിചാർജിലാണ് ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റത്. പ്രതിഷേധക്കാരെ മുഖാമുഖം നിന്ന് നേരിട്ട പൊലീസ് ലാത്തികൊണ്ട് ഷാഫിയുടെ തലക്കും മുഖത്തും മർദിക്കുകയായിരുന്നു. മൂക്കിന് പരിക്കേറ്റ ഷാഫിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി.
ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്. എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.