‘അതിജീവിത ഇപ്പോഴും വിവാഹമോചിതയല്ല, അവരുടെ വിവാഹത്തിൽ ഞാൻ പ​ങ്കെടുത്തിട്ടുണ്ട്’ -രാഹുൽ വിഷയത്തിൽ വെളിപ്പെടുത്തലുമായി സന്ദീപ് വാര്യർ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതി​രെ പരാതി നൽകിയ യുവതിയെ അറിയാമെന്നും അവരുടെ വിവാഹത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ‘അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്’ -സന്ദീപ് വാര്യർ വ്യക്തമാക്കി.

‘ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് . എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ...’ -സന്ദീപ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

രാഹുൽ ഈശ്വറിനുള്ള മറുപടി എന്ന നിലയിലാണ് സന്ദീപിന്റെ കുറിപ്പ്. ‘പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ , പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.

താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്.

ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ്. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ....’ -സന്ദീപ് വ്യക്തമാക്കി.

രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നായിരുന്നു അതിജീവിതയുടെ മൊഴി. വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും ആചാരപ്രകാരം വിവാഹം കഴിച്ചതാണെങ്കിലും ക്ഷേത്രത്തിലോ മറ്റേതെങ്കിലും സംവിധാനത്തിലോ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു.

വിവാഹം നടന്നത് 2024 ആഗസ്റ്റ് 22ന് ക്ഷേത്രത്തിൽ വെച്ചായിരുന്നു. നാല് ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ആദ്യ ഒരു മാസത്തിനുള്ളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞുവെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയിൽ പറയുന്നു. വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നതെന്നും മൊഴിയിലുണ്ട്.

അതിനിടെ, ഒളിവിൽ പോയ രാഹുലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാലക്കാട്‌, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് നിരീക്ഷണം ശക്തമാക്കിയിട്ടുള്ളത്. രാഹുൽ കേരളം വിട്ടു പോയിട്ടില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. എം.എൽ.എ പാലക്കാട് തന്നെയുണ്ടെന്നാണ് സൂചന. ജില്ല വിട്ടുപോകരുതെന്ന് അഭിഭാഷകർ നൽകിയ ഉപദേശത്തെ തുടർന്നാണ് രാഹുൽ പാലക്കാട് രഹസ്യ കേന്ദ്രത്തിൽ തന്നെ തുടരുന്നത്. വ്യാഴാഴ്ച മുതൽ സ്വിച്ച് ഓഫ് ആയിരുന്ന എം.എൽഎയുടെ മൊബൈൽ ഫോൺ ഇന്നലെ കുറച്ചുസമയത്തേക്ക് ഓൺ ആകുകയും ചെയ്തിരുന്നു.

പരാതിയിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ അസിസ്റ്റന്‍റ് കമ്മീഷണർ വി.എസ് ദിനരാജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. രാഹുൽ രാജ്യം വിട്ടുപോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

യുവതി നൽകിയ മെഡിക്കൽ രേഖകളുടെയും ഓഡിയോ റെക്കോഡുകളുടെയും ആധികാരികത പരിശോധിക്കുകയാണ്. ഗർഭ ചിദ്ര ഗുളിക കഴിച്ച ശേഷം ഉണ്ടായ അവശതകൾ പരിഹാരിക്കാനായി കണ്ട ഡോക്ടറുടെ അടക്കം മൊഴി രേഖപ്പെടുത്തും.

യുവതിയുമായി സൗഹൃദമുണ്ടായിരുന്നെന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നുമാണ് മുൻകൂർജാമ്യ ഹരജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. സി.പി.എമ്മും ബി.ജെ.പിയുമാണ് പരാതിക്ക് പിന്നിലെന്ന് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയില്‍ പറയുന്നു.

യുവതിയെ ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. യുവതിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്. ഗര്‍ഭഛിദ്രത്തിന് യുവതി മരുന്ന് കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്.

പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നെന്ന് തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ആ ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്ക് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് പരാതിക്കാരി. അവർ ഗര്‍ഭിണിയായെന്ന വാദം തെറ്റാണ്.

താനുമായുള്ള ചാറ്റ് റെക്കോ‍ഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകളടക്കം തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു. പരാതിക്കാരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിന് തെളിവുമുണ്ട്.

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത് രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമാണ്. ശബരിമല വിവാദത്തിൽനിന്ന് സര്‍ക്കാറിനെ രക്ഷിക്കാനാണ് പരാതി നല്‍കിയതെന്നും ഹരജിയിൽ രാഹുൽ വാദിക്കുന്നു.

അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്ഐ.ആറിലുണ്ട്. രണ്ടുതവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടുതവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.


Full View

Tags:    
News Summary - rahul mamkootathil case: sandeep varier replay to rahul easwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.