തിരുവനന്തപുരം: ലൈംഗികാരോപണ വിവാദങ്ങൾ കത്തിനിൽക്കെ ഊഹാപോഹങ്ങൾക്കെല്ലാം വിരാമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നിയമസഭയിലെത്തി. സഭ സമ്മേളനം തുടങ്ങിയ ഒൻപത് മണിവരെ രാഹുൽ സഭയിലെത്തുന്നതിനെ കുറിച്ച് പാർട്ടി വൃത്തങ്ങൾക്ക് പോലും വ്യക്തമായ അറിവില്ലായിരുന്നു.
സഭ തുടങ്ങി 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിൽ വന്നിറങ്ങുന്നത്.
ലൈംഗികാരോപണത്തിന്റെ പേരിൽ കോൺഗ്രസ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത രാഹുലിന് നിയമസഭയിൽ പ്രത്യേക േബ്ലാക്ക് അനുവദിക്കുമെന്ന് സ്പീക്കർ നേരത്തെ പറഞ്ഞിരുന്നു. സഭയിലെത്തിയ രാഹുൽ പ്രതിപക്ഷ നിരയിലെ അവസാന നിരയിലാണ് ഇരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ എതിര്‍പ്പ് നിലനിൽക്കെ തന്നെയാണ് രാഹുൽ സഭയിലെത്തിയത്.
നിയമസഭ സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കു സഭ ചരമോപചാരം അർപിച്ചു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.
പൊലീസ് സ്റ്റേഷനിലെ ക്രൂരമർദന ദൃശ്യങ്ങൾ പുറത്തുവന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്ന ആരോപണം തന്നെയായിരിക്കും ഭരണപക്ഷത്തിന്റെ പ്രധാന തിരിച്ചടിക്കുള്ള ആയുധം.
ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്തുവന്ന ആരോഗ്യ മേഖലയിലെ ‘സിസ്റ്റ’ത്തിലെ പാളിച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉയർത്തിക്കൊണ്ടുവരുമെന്ന് ഉറപ്പാണ്. ഇതിന് പുറമെ സർക്കാർ -ഗവർണർ ഏറ്റുമുട്ടലിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ സ്തംഭനാവസ്ഥ ഉൾപ്പെടെ പ്രതിപക്ഷം സഭയിൽ ഉയർത്തും. ഭരണപക്ഷമാകട്ടെ പ്രതിരോധത്തിനും തിരിച്ചടിക്കുമുള്ള ആയുധങ്ങളും കോപ്പുകൂട്ടുന്നേതാടെ സഭാതലം ശാന്തമാകില്ലെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.