റാഗിങ്: മുടിനീട്ടിയതിന് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം; ​കേള്‍വി ശക്തി നഷ്ടമായി

ശ്രീകണ്ഠപുരം(കണ്ണൂർ): മുടി നീട്ടിവളര്‍ത്തിയെന്ന പേരിൽ ശ്രീകണ്ഠപുരം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ക്രൂരമായ റാഗിങ്. പ്ലസ് വണ്‍ വിദ്യാർഥിയെ ഒരു സംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ തല്ലിച്ചതച്ചു. ബ്ലാത്തൂര്‍ സ്വദേശി മുഹമ്മദ് സഹലിനെയാണ് ക്രൂരമായി മർദിച്ചത്. മർദ്ദനത്തെ തുടർന്ന് സഹലിന്റെ കേള്‍വി ശക്തി നഷ്ടമായി. 

10ാം തീയതി ഉച്ചക്ക് 12.30ഓടെയാണ് സംഭവം. മുടി നീട്ടിവളര്‍ത്തിയെന്നും ഷര്‍ട്ടിന്റെ കുടുക്കുകള്‍ കൃത്യമായി ഇട്ടില്ലെന്നും ഷൂ ധരിച്ചെന്നും ആരോപിച്ചാണ് സീനിയര്‍ വിദ്യാർഥികളുടെ സംഘം സഹലിനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ സഹലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടതോടെയാണ് കേള്‍വി ശക്തിയെ ബാധിച്ചതായി മനസ്സിലായത്.

സംഭവത്തെക്കുറിച്ച് വിദ്യാർഥിയുടെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനും ശ്രീകണ്ഠപുരം പൊലീസിനും പരാതി നല്‍കി. പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയും പൊലീസിന് കൈമാറിയിട്ടുണ്ട്. ഒരുസംഘം പ്ലസ്ടു വിദ്യാർഥികൾ മര്‍ദിച്ചുവെന്നാണ് പരാതി.

രണ്ടാഴ്ച മുമ്പും സ്‌കൂളില്‍ റാഗിങ് നടന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ചുഴലി സ്വദേശിയായ പത്താംക്ലാസുകാരനെയാണ് ഒരുസംഘം മര്‍ദിച്ചത്. എന്നാല്‍, ഇത് പിന്നീട് പുറത്തുവെച്ച് ഒത്തുതീര്‍പ്പാക്കിയെന്നാണ് വിവരം. 

Tags:    
News Summary - Ragging: Plus one student lost his hearing power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.