കൊച്ചി: റാഗിങ്ങിന്റെ പേരിൽ ഇനിയൊരു വിദ്യാർഥിയുടേയും ജീവൻ നഷ്ടമാകാതിരിക്കാൻ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമനിർമാണം നടത്തണമെന്ന് ഹൈകോടതി. യു.ജി.സി ആന്റി റാഗിങ് റെഗുലേഷൻ ഉണ്ടെങ്കിലും അച്ചടക്കരാഹിത്യവും റൗഡിസവും കൈമുതലാക്കിയ വിദ്യാർഥികൾക്ക് മുന്നിൽ ഇത് ദുർബലമാണ്. റാഗിങ് കുറ്റകൃത്യങ്ങൾ തടയാൻ നിയമം പര്യാപ്തമല്ല.
കുറ്റവാളികളിൽ ഒരാൾപോലും ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവിൽ പറയുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥ് റാഗിങ്ങിനിരയായി ജീവനൊടുക്കിയ സംഭവത്തിൽ നടപടി നേരിട്ട അധ്യാപകരുടെ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
സസ്പെൻഷനിലായ സർവകലാശാല ഡീനും മെൻസ് ഹോസ്റ്റൽ വാർഡനുമായ ഡോ. എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. ആർ. കാന്തനാഥൻ എന്നിവരാണ് തങ്ങൾക്കെതിരായ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. സർവകലാശാല നിയോഗിച്ച മൂന്നംഗ സമിതിയും ഗവർണർ നിയോഗിച്ച ജുഡീഷ്യൽ കമീഷനും ഹരജിക്കാരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ തുടർ നടപടി സ്വീകരിക്കാൻ ചാൻസലർ രേഖാമൂലം നിർദേശം നൽകി. ചാൻസലറുടെ ഈ നടപടി റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, ചാൻസലർക്ക് വിപുലമായ അധികാരങ്ങളുണ്ടെന്ന് പറഞ്ഞ കോടതി ഗവർണറുടെ നടപടി ശരിവച്ചു.
ഹരജിക്കാർക്കെതിരായ അച്ചടക്ക നടപടികളിൽ മൂന്ന് മാസത്തിനകം തീർപ്പ് കൽപിക്കണമെന്നും സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.