പത്തനംതിട്ട: തെരുവ് നായ കടിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചികിൽസാ പിഴവെന്ന് കുടുംബം. ഓമല്ലൂര്‍ മണ്ണാറമല കളര്‍നില്‍ക്കുന്നതില്‍ കൃഷ്ണമ്മ (57)യാണ് മരിച്ചത്.
നായ കടിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിലാണ് ചികിൽസ തേടി എത്തിയത്. അവിടെ പ്രാഥമിക ചികിൽസ നൽകുന്നതിൽ പിഴവുണ്ടായതായി കുടുംബം ആരോപിച്ചു. മുറിവുകൾ നന്നായി കഴുകാതെ കുത്തിവെപ്പ് നൽകുകയായിരുന്നു. സോപ് ഉപയോഗിച്ച് മുറിവ് കഴുകാൻ ജീവനക്കാർ തയാറായില്ല. മൊത്തം ആറു മുറിവ് ഉണ്ടായിരുന്നു. വീട്ടമ്മയുടെ മരണം പേവിഷബാധയേറ്റാണെന്ന് മരണശേഷമാണ് സ്ഥിരീകരിച്ച് റിപ്പോർട്ട് പുറത്തുവന്നത്.
സെപ്റ്റംബര്‍ അഞ്ചിന് കൃഷ്ണമ്മയെ പുത്തന്‍പീടിക ഭാഗത്തു തെരുവുനായ കടിച്ചിരുന്നു. വലതു കണ്ണിന്റെ പുരികത്താണ് കടിയേറ്റത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നായ കടിച്ചിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് അന്നുമുതല്‍ വാക്സിനേഷന് കൃത്യമായി പൂര്‍ത്തിയാക്കിയിരുന്നു. മൂന്നു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ വെള്ളിയാഴ്ചയാണ് കൃഷ്ണമ്മ മരിച്ചത്.
പേവിഷ ബാധയുണ്ടായിട്ടുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം വന്നത്. കൃഷ്ണമ്മയെ കടിച്ച നായ മറ്റു 13 പേരെ കൂടി കടിച്ചിരുന്നു. ഈ നായയെ പിന്നീട് ചത്ത നിലയിലും കണ്ടെത്തി. നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ കടിയേറ്റവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
ജില്ലയിൽ ഒരു വര്‍ഷത്തിനിടെ പേവിഷ ബാധ വാക്സിനെടുത്ത ശേഷം നടക്കുന്ന മൂന്നാമത്തെ മരണമാണ് കൃഷ്ണമ്മയുടേത്. മുമ്പ് രണ്ട് വിദ്യാര്‍ഥികളാണ് സമാന സാഹചര്യത്തില്‍ മരിച്ചത്. മുഖത്തും തലയിലും കടിയേറ്റാല്‍ വാക്സിനെടുത്താലും അപകടകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. വാക്സിന്റെ വിശ്വാസ്യതക്കുറവല്ലെന്നും വിഷബാധ വേഗത്തില്‍ വ്യാപിക്കുന്നതാണ് കാരണമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.