‘ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ...’; രാജി വിവാദത്തിൽ വിശദീകരണത്തിന് ആർ. ശ്രീലേഖ

തിരുവനന്തപുരം: രാജി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ. എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3-4 ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ദയവായി ഞായറാഴ്ച വരെ കാത്തിക്കൂവെന്നും അവർ പറഞ്ഞു.

തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നും ശ്രീലേഖ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. ബി.ജെ.പിയുടെ അനുനയ നീക്കത്തിനൊടുവിലാണ് ശ്രീലേഖ രാജി തീരുമാനം പിൻവലിച്ചത്. പിന്നാലെ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് വാർഡ് വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശം ശ്രീലേഖ പിൻവലിച്ചു. എന്നാൽ, മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി വിശദീകരിക്കാൻ അവർ തയാറായില്ല. പ്രതീക്ഷിച്ച മേയര്‍ സ്ഥാനം ലഭിക്കാതായത് മുതല്‍ പാര്‍ട്ടിയോട് നീരസം കാട്ടിയ ശ്രീലേഖ മറ്റു പല സ്ഥാനങ്ങളും പ്രതീക്ഷിച്ചിരുന്നു.

‘ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ...’- എന്നാണ് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്. കോർപറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ശ്രീലേഖ നടത്തിയ ശിപാര്‍ശ മേയര്‍ അംഗീകരിക്കാത്തതിലും അവർക്ക് അതൃപ്തിയുണ്ടായിരുന്നു. ദേശീയ വനിത കമീഷന്‍ അധ്യക്ഷയായോ ഗവര്‍ണറായോ പരിഗണിക്കുമെന്ന പ്രചാരണവും ഉണ്ടായിരുന്നു. വട്ടിയൂര്‍ക്കാവില്‍നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിച്ചെങ്കിലും മൂന്നാംസ്ഥാനത്തായി. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചിരുന്നത്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകൾ വേണ്ടതിനാൽ, വിജയിച്ച രണ്ട് സ്വതന്ത്രരിൽ ഒരാളുടെ പിന്തുണയോടെ 51 ഉറപ്പാക്കിയാണ് ബി.ജെ.പി ഭരണം നടത്തിയിരുന്നത്. ശ്രീലേഖ രാജിവെച്ചാൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടുമായിരുന്നു.

Full View

പാർട്ടി സംസ്ഥാന നേതൃത്വം നടത്തിയ അടിയന്തര ഇടപെടലാണ് ശ്രീലേഖയെ രാജിയിൽനിന്ന് പിന്തിരിപ്പിച്ചത്. രാജിക്കത്ത് ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നാണ് നേതൃത്വം വിശദീകരിച്ചിരുന്നത്. മേയർ വി.വി. രാജേഷിനോട് ചില വിയോജിപ്പുകളും അസംതൃപ്തികളും പങ്കുവെക്കുക മാത്രമാണ് ശ്രീലേഖ ചെയ്തതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സെപ്റ്റംബർ 30ന് ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി നിയമപരമായി പ്രാബല്യത്തിൽ വരണമെങ്കിൽ നഗരസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സെക്രട്ടറി വ്യക്തമാക്കുകയുണ്ടായി.

ബി.ജെ.പി അധികാരത്തിലെത്തിയാൽ മേയർ സ്ഥാനത്തേക്ക് വരുന്നത് ശ്രീലേഖയായിരിക്കും എന്നാണ് കോർപറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി അനൗദ്യോഗികമായി പറഞ്ഞിരുന്നത്. പ്രചാരണവേളകളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഫലംവന്നതിന് പിന്നാലെ നടന്ന ചില തകിടം മറിച്ചലുകളിൽ മേയർ സ്ഥാനം വി.വി. രാജേഷിന് ലഭിച്ചു. തുടക്കം മുതൽ ശ്രീലേഖ അതിന്റെ നീരസം പ്രകടമാക്കി. അതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘രാജി നാടകം’ എന്നാണ് സൂചനകൾ.

Tags:    
News Summary - R. Sreelekha responds for the first time to the resignation controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.