കോഴിക്കോട്: മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിൽനിന്ന് പൊക്കി കേരള പൊലീസ്. കൊലപാതകശ്രമത്തിലെ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവൻ വമ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂർ പൊലീസിന്റെ പിടിയിലായത്.
2022ൽ ബാലുശ്ശേരിയിലെ ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നടക്കവെ, യുവതിയുടെ വിദേശത്തുള്ള പിതാവ് മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ്കുട്ടി മരുമകൻ ലുഖ്മാനുൽ ഹക്കീമിനെ കൊലപ്പെടുത്താൻ ബേപ്പൂർ സ്വദേശിയായ ജാഷിംഷാക്ക് രണ്ടുലക്ഷം രൂപ നൽകി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ജാഷിംഷാ നാലുപേരെ ഇതിനായി നിയോഗിക്കുകയും, അവർ ഒരു ഇന്നോവ കാറിൽ കക്കോടിയിൽ വെച്ച് ലുഖ്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് എടവണ്ണ -കൊണ്ടോട്ടി റോഡിൽ ഓമാന്നൂരിലെ തടി മില്ലിൽ എത്തിച്ച് കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും പിടിച്ചുവാങ്ങി മർദിച്ച് അവശനാക്കി ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമിച്ചു. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ആക്രമിസംഘം ലുഖ്മാനുൽ ഹക്കീമിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ കേസിലെ ആറാം പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു.
മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന് പ്രതി നേപ്പാളിൽ ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ സജീവിന്റെ നിർദേശപ്രകാരം എസ്.ഐ അബ്ദുൽ മുനീർ, സി.പി.ഒമാരായ രാകേഷ്, വിജ്നേഷ് എന്നിവർ നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുനിന്ന് ഫെബുവരി 12ന് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ശനിയാഴ്ച ചേവായൂർ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.