'ഈ മരു​ന്നൊന്നും ഇവിടെ ഇല്ലേ?' കുറിപ്പടിയുമായി മന്ത്രി 'കാരുണ്യ'യില്‍; ഒന്നുമില്ലെന്ന് ഫാർമസിസ്റ്റ്


തിരുവനന്തപുരം: 'ഈ മെഡിസൻസൊന്നും ഇവിടെ ഇല്ലേ? ഒന്നുമില്ലേ?' തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 'കാരുണ്യ' മരുന്ന് കടയുടെ മുന്നിൽ നിന്ന് മരുന്ന് കുറിപ്പടി നീട്ടി മന്ത്രിയുടെ ചോദ്യം. 'ഇല്ല മേഡം, സർജറി സാധനങ്ങളൊന്നും ഇല്ല മേഡം' -ഫാർമസിസ്റ്റിന്റെ മറുപടി. അതെന്താ ഇല്ലാത്തതെന്ന മന്ത്രിയുടെ ചോദ്യത്തിന് 'ഇത്തരം സാധനങ്ങൾ സാധാരണ വരാറില്ലെന്ന്' ജീവനക്കാരുടെ മറുപടി.

മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. തുടർന്നാണ് രാത്രികാല പ്രവര്‍ത്തനം നിരീക്ഷിക്കാൻ മന്ത്രി ഇന്നലെ രാത്രി ഒമ്പതേകാലോടെ ആശുപത്രി സന്ദര്‍ശിച്ചത്. ഇതിനിടെ, വാർഡിൽ കഴിയുന്ന രോഗിയായ പത്മാകുമാരിയുടെ ഭര്‍ത്താവ് മന്ത്രിയെ കണ്ട് കാരുണ്യ ഫാര്‍മസിയില്‍ നിന്ന് മരുന്നുകളൊന്നും കിട്ടുന്നില്ലെന്ന് പരാതിപ്പെട്ടു. ഉടൻ മരുന്ന് കുറിപ്പുമായി മന്ത്രി കാരുണ്യ ഫാര്‍മസിയുടെ സമീപമെത്തി. കുറിപ്പുമായി ഒരാളെ ഫാര്‍മസിയിലേക്കയച്ചു. മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേ എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. ഇതോടെ കുറിപ്പടി വാങ്ങി മന്ത്രി തന്നെ നേരിട്ട് ഫാർമസി കൗണ്ടറിൽ എത്തി.

ഈ മരുന്നുകൾ സാധാരണ വരാറി​ല്ലെന്ന് ജീവനക്കാർ അറിയിച്ചപ്പോൾ, മന്ത്രി ഫാര്‍മസിക്കുള്ളിൽ കയറി മരുന്നുകളുടെ ലിസ്റ്റ് കമ്പ്യൂട്ടറില്‍ പരിശോധിച്ചു. എന്നുമുതലാണ് മരുന്ന് തീർന്നതെന്നും എന്തുകൊണ്ടാണ് മരുന്നുകൾ സ്റ്റോക്ക് ചെയ്യാത്തതെന്നും അന്വേഷിച്ചു. ആരാണ് മരുന്ന് പർച്ചേസ് ചെയ്യുന്ന​തെന്ന് ആരാഞ്ഞ മന്ത്രി, ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത് കൃത്യമായി സ്റ്റോക്ക് ചെയ്യണമെന്ന് നിര്‍ദേശിച്ചു. അത്യാവശ്യ മരുന്ന് എത്തിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്ലിനോട് മന്ത്രി നിര്‍ദേശിച്ചു.

ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടാണ് മന്ത്രി തിരിച്ചു പോയത്. വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തുകയും ഡ്യൂട്ടി ലിസ്റ്റിലുള്ളവർ ജോലിക്ക് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.  

Tags:    
News Summary - Quick visit by Minister Veena George to the emergency department of Trivandrum Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.