ചോദ്യപേപ്പർ ചോർത്തൽ: പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർഥികളെ വഞ്ചിക്കൽ -ഹൈകോടതി

കൊച്ചി: നന്നായി പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർഥികളെ വഞ്ചിക്കുന്ന നടപടിയാണ് ചോദ്യപേപ്പർ ചോർത്തിനൽകലെന്ന് ഹൈകോടതി. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കറപുരളാതെ നിലനിക്കേണ്ട ഒന്നാണ് പരീക്ഷ നടത്തിപ്പിലെ വിശ്വാസ്യത. ചോദ്യപേപ്പർ ചോരുന്നത് പരീക്ഷ നടപടിക്രമങ്ങളെയും പരീക്ഷയെഴുതുന്നവരെയും വിദ്യാഭ്യാസ വകുപ്പിനെയും ബാധിക്കും. വിദ്യാഭ്യാസ വകുപ്പിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കുമെന്ന് മാത്രമല്ല, മികച്ച വിദ്യാർഥികൾക്കുമേൽ സമ്മർദവും ഉത്കണ്ഠയും വർധിപ്പിക്കാനും ഇതിടയാക്കും.

പത്താംക്ലാസ് ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനൽ വഴി ചോർത്തിയ കേസിലെ മുഖ്യപ്രതി എം.എസ്. സൊല്യൂഷൻസ് സി.ഇ.ഒ കൊടുവള്ളി സ്വദേശി മുഹമ്മദ് ഷുഹൈബിന് മുൻകൂർജാമ്യം നിഷേധിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം. ക്രൈംബ്രാഞ്ച് കേസെടുത്തതിനെത്തുടർന്നാണ് ഷുഹൈബ് മുൻകൂർ ജാമ്യഹരജി നൽകിയത്. ചോദ്യങ്ങൾ താൻ പ്രവചിച്ചതാണെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ, പ്രവചനമല്ല, ചോർച്ച തന്നെയാണെന്നും അന്വേഷണം പൂർത്തിയാക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.

അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയ വിദഗ്ധരുടെ മൊഴികളും കേസ് ഡയറിയും പരിശോധിച്ച കോടതി, ചോദ്യപേപ്പർ ചോർത്തിയതാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഹ‌രജി തള്ളിയത്. അതിനാൽ, ഹരജിക്കാരൻ മാർച്ച് 22നുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടാണ് ഹരജി തള്ളിയത്. ചോദ്യങ്ങൾ ചോർന്നുകിട്ടുന്നത് ഒരുവിഭാഗം കുട്ടികൾക്ക് ഗുണകരമാകുമ്പോൾ രാപ്പകലില്ലാതെ പഠിച്ച് പരീക്ഷക്ക് തയാറായ മറ്റൊരു വലിയവിഭാഗം വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. പരീക്ഷയുടെ പവിത്രത അതേപടി നിലനിർത്തുകതന്നെ വേണമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Question paper leak: Students who study and write exams are being cheated - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.