റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് എൻ.എച്ച്
എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കൊല്ലം: ‘ദിനംപ്രതി നിരവധി ഇരുചക്രവാഹനയാത്രികർ അപകടത്തിൽപെടുന്ന കാങ്കത്തുമുക്ക് റോഡിലെ കുഴികൾ ഉടൻ അടക്കണം’ -ജനോപകാരപ്രദമായ ആവശ്യമുയർത്തിയാണ് കൊല്ലം ബീച്ച് റോഡിലെ പി.ഡബ്ല്യു.ഡി കാര്യാലയത്തിൽ ചൊവ്വാഴ്ച രാവിലെ ഉപരോധസമരവുമായി യൂത്ത് കോൺഗ്രസ് സംഘം എത്തിയത്.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ മുറിയിൽ കയറി വൻ മുദ്രാവാക്യംവിളിയും ഉപരോധവും നടത്തി. പ്രതിഷേധം തിളച്ചുമറിഞ്ഞതോടെ ആദ്യത്തെ വിസമ്മതം മാറ്റി പ്രവർത്തകരുടെ ആവശ്യം ഉടൻ നിറവേറ്റാമെന്ന് പേപ്പറിൽ എഴുതി നൽകാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തയാറായി. എഴുതാനുള്ള സ്ഥലപ്പേരുകൾ സമരക്കാർ വ്യക്തമാക്കിയപ്പോഴാണ് ഇത് തങ്ങളുടെ കീഴിലെ റോഡല്ല എന്ന ആയുധം ഉദ്യോഗസ്ഥർ പുറത്തെടുത്തത്. അപ്പോഴാണ് സമരക്കാർക്ക് അമളി മനസ്സിലായത്; ഉപരോധിക്കാൻ ഉദ്ദേശിച്ച ഓഫിസും ഉദ്യോഗസ്ഥനും മാറിപ്പോയി. ദേശീയപാതയിൽപെടുന്ന കാങ്കത്തുമുക്കിലെ റോഡിന്റെ കാര്യം നോക്കുന്നത് പി.ഡബ്ല്യു.ഡി എൻ.എച്ച് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറാണ്. യൂത്ത് കോൺഗ്രസുകാർ ഉപരോധിച്ചതാകട്ടെ പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെയും.
എന്തായാലും അമളി പറ്റി, തുടർന്ന് വീണിടത്തുകിടന്ന് ഉരുണ്ട് നൈസായിട്ട് സമരത്തിനും നൽകി ഒരു ട്വിസ്റ്റ്. റോഡ്സ് ഡിവിഷന്റെ കീഴിലുള്ള റോഡുകളെല്ലാം അടിപൊളിയെന്നും ആശ്രാമം ലിങ്ക് റോഡ് ഉൾപ്പെടെ കണ്ടില്ലേ എന്നും ഒരു ഉദ്യോഗസ്ഥന്റെ വാമൊഴി രക്ഷയായി. അതിൽ കയറിപ്പിടിച്ച സമരക്കാരുടെ പിടിവള്ളി പിന്നെ ലിങ്ക് റോഡായി. ഇപ്പോൾ നിർമാണം നടക്കുന്ന ലിങ്ക് റോഡ്, ഈഴവപാലം റോഡുകൾ സമയബന്ധിതമായി പൂർത്തിയാക്കാമെന്ന് എഴുതിവാങ്ങിയാണ് റോഡ്സ് വിഭാഗത്തിൽനിന്ന് ഒടുവിൽ സമരക്കാർ ഇറങ്ങിയത്. അമളിക്കിടയിലും കാങ്കത്തുമുക്കിനെ മറക്കാതെ അടുത്ത കെട്ടിടത്തിലെ എൻ.എച്ച് എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയവും ഉപരോധിച്ച് രണ്ടാഴ്ചക്കുള്ളിൽ താൽക്കാലിക അറ്റകുറ്റപ്പണിക്കുള്ള രേഖയും ഒപ്പിട്ടുവാങ്ങി മൂന്നുമണിക്കൂർ നീണ്ട സമരം അവസാനിപ്പിച്ചു. എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, നേതാക്കളായ ഫൈസൽ കുളപ്പാടം, ഗീതാ കൃഷ്ണൻ, ഹസ്ന ഹർഷാദ്, നവാസ് റഷാദി, അസൈൻ പള്ളിമുക്ക്, പാലത്തറ രാജീവ്, കൗശിക് എം. ദാസ്, ഐശ്വര്യ, ആഷിക് ബൈജു, അർഷാദ് മുതിരപ്പറമ്പ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.