കൊച്ചി: പി.വി അൻവറിന്‍റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാർത്താക്കുറിപ്പ് പുറപ്പെടുവിച്ച് എൻഫേഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്നലെ അൻവറിന്‍റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച വാർത്താക്കുറിപ്പാണ് പുറത്തുവിട്ടിട്ടുള്ളത്.
22.3 കോടിയുടെ വായ്പ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണം നടന്നതെന്നും ഒരേ വസ്തു ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ വായ്പകൾ അൻവർ കെ.എഫ്.സി വഴി തരപ്പെടുത്തിയെന്നും ഇ.ഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
കള്ളപ്പണം ഇടപാടും നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളും നടത്തിയതിന്റെ രേഖകള്‍ അന്‍വറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തുവെന്നാണ് ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിലുള്ളത്. കേസുമായി ബന്ധപ്പെട്ട് പി.വി അന്‍വറിന്റെ വീട്ടിലും ഡ്രൈവറുടെ വീട്ടിലും മഞ്ചേരിയിലെ സ്ഥാപനത്തിലും ഇന്നലെ റെയ്ഡ് നടന്നിരുന്നു.
അൻവർ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുവെന്ന് ഇ.ഡി പറയുന്നു. ലോണെടുത്ത തുക അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും 2016 ലെ 14.38 കോടി സ്വത്ത്, 2021ൽ 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇ.ഡി പറയുന്നു. കെ.എഫ്.സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പിഴവ് ഉണ്ടായതായും ഇ.ഡി വ്യക്തമാക്കി. ഈട് നൽകിയ വസ്തുവിൻറെ മുൻകാല ചരിത്രം കൃത്യമായി പരിശോധിച്ചിട്ടില്ല.
അൻവറിന്‍റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുന്നുണ്ട്. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനം ഡ്രൈവറുടെയും അടുത്ത ബന്ധുവിന്‍റയും പേരിലാണ് ഉളളത്. ഇതിന്‍റെ യഥാർഥ ഉടമ താനാണെന്ന് അൻവർ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്ന് ഇ.ഡി പറഞ്ഞു.
15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പി.വി അൻവറിൻറെ ബിനാമി ഇടപാടുകൾ സംശയിക്കുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. പി.വി.ആർ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിർമ്മിച്ചത്. നിർമാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി. വിൽപ്പന കരാറുകൾ, സാമ്പത്തിക രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുൾപ്പെടെ നിരവധി രേഖകൾ പിടിച്ചെടുത്തു. കള്ളപ്പണം, ഫണ്ട് വകമാറ്റൽ, ബിനാമി സ്വത്തുക്കൾ എന്നിവ സംബന്ധിച്ച കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.