എം.ആർ. അജിത് കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളി; പി. ശശി പരാജയമെന്നും പി.വി. അൻവർ

മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിയിൽ തുടങ്ങി, സംസ്ഥാന പൊലീസ് സേനയുടെ അത്യുന്നതങ്ങളേയും ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഗുരുതര ആരോപണത്തിൽ ഞെട്ടിച്ച് ഭരണപക്ഷ എം.എൽ.എ പി.വി അൻവറിന്റെ അസാധാരണ നീക്കം. പൊലീസ് എ.ഡി.ജി.പി അജിത്ത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങൾ ആരോപിച്ച അൻവർ, എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചതോടെ സംസ്ഥാന സർക്കാറും സി.പി.എമ്മും അമ്പരന്നിരിക്കുകയാണ്.

സംസ്ഥാന പൊലീസ് സംവിധാനത്തെ നിരീക്ഷിച്ച് വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കേണ്ട ചുമതലയുള്ള ശശി വലിയ പരാജയം നേരിട്ടെന്നാണ് അൻവറിന്റെ പ്രധാന ആരോപണം. പരാതികളില്ലാതെ ചുമതല നിർവഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാർട്ടി ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയോഗിച്ചതെന്നും എന്നിട്ടും പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ പാർട്ടി വിലയിരുത്തി നടപടിയെടുക്കട്ടേയെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ താൻ പിതാവിന്റെ സ്ഥാനത്താണ് താൻ കാണുന്നതെന്നും അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മകനെന്ന നിലയിൽ അത് തടയാൻ താൻ ബാധ്യതനാണെന്നും എം.എൽ.എ പറ‍യുന്നു.

എസ്.പിയായിരിക്കെ ഔദ്യോഗിക വസതിയിലെ ഓഫിസില്‍നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയെന്ന തനിക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പത്തനംതിട്ട എസ്.പി സുജിത് ദാസിന്റെ ഫോൺ സംഭാഷണത്തിലെ കൂടുതൽ ഭാഗങ്ങൾ പുറത്തുവിട്ടാണ് അൻവർ ഇന്നലെ ആരോപണങ്ങൾ ഉന്നയിച്ചത്.

‘‘നിലവിൽ മുഖ്യമന്ത്രിയോട് താൻ ഒന്നും നേരിട്ട് വ്യക്തമാക്കിയിട്ടില്ല. പ്രശ്നങ്ങൾ എല്ലാം കലങ്ങി തെളിയുമ്പോൾ നേരിട്ടെത്തി വിശദവിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും. പ്രത്യേക സംഘത്തെ നിയോഗിച്ച് വിഷയം അന്വേഷിക്കാൻ ആവശ്യപ്പെടും’’ -അൻവർ കൂട്ടിച്ചേർത്തു.

അൻവറിന്റെ ആരോപണങ്ങൾ

  • പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പായി എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിൽ പ്രവർത്തിക്കുന്നു.
  • സംസ്ഥാനത്ത് പ്രമുഖരുടെ വിവരങ്ങൾ ചോർത്താൻ സൈബര്‍ സെല്ലില്‍ എ.ഡി.ജി.പി പ്രത്യേക സംവിധാനം ഒരുക്കി, എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍കോള്‍ ചോർത്തുന്നു. ഇതിനായി അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്.
  • കരിപ്പൂരിലെ സ്വർണക്കടത്തുമായി അജിത് കുമാറിന് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്.
  • പത്തനംതിട്ട എസ്.പി സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം സ്വർണ്ണം പിടികൂടി പങ്കിട്ടെടുത്തു.

സി.ബി.ഐ അന്വേഷിക്കണം -വി.ഡി. സതീശൻ

കൊച്ചി: സി.പി.എം എം.എൽ.എ പി.വി. അൻവറിന്‍റെ ഗുരുതര വെളിപ്പെടുത്തൽ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സി.പി.എം എം.എല്‍.എ പറയുന്നത്.

ഇനി ഒരുനിമിഷം പോലും മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. ആരോപണ വിധേയരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പുറത്താക്കണം. മന്ത്രിമാരുടെ ഫോണ്‍പോലും എ.ഡി.ജി.പി ചോര്‍ത്തുന്നു എന്നത് ഗുരുതര ആരോപണമാണ് -വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - PV Anwar against ADGP Ajith Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.