നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. ആര്യാടൻ ഷൗക്കത്ത് സി.പി.എമ്മിൽ പോകാൻ ശ്രമിച്ച് രക്ഷയില്ലാതെ മടങ്ങിയയാളാണെന്നും വലതുപക്ഷത്തെ ഇടതുപക്ഷപാതിയാണെന്നും അൻവർ ആരോപിച്ചു. രണ്ടുദിവസം കൂടി കാത്തിരുന്ന് മണ്ഡലത്തിലെ ജനമനസ്സ് പഠിച്ച ശേഷം തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നും പി.വി. അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
‘ഇക്കഴിഞ്ഞ രണ്ട് വർഷം ഷൗക്കത്ത് സി.പി.എമ്മിനെയോ പിണറായിയെയോ വിമർശിച്ച് ഒരുവരിയെങ്കിലും ഫേസ്ബുക്കിൽ എഴുതിയോ? ദേശാഭിമാനിയുടെ പരിപാടിയിൽ ക്ഷണിതാവായി പോയയാളാണ് ഷൗക്കത്ത്. അങ്ങനെയുള്ളയാൾക്ക് എങ്ങനെ പിണറായിസത്തിനെതിരെ പ്രവർത്തിക്കാൻ കഴിയും?’ -അൻവർ ചോദിച്ചു. വി.എസ്. ജോയിക്ക് കോൺഗ്രസിൽ ഗോഡ്ഫാദർ ഇല്ലാത്തതിനാലാണ് അദ്ദേഹം തഴയപ്പെടുന്നതെന്നും അൻവർ ആരോപിച്ചു.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കെ.പി.സി.സി ഹൈക്കമാൻഡിനെ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് എ.ഐ.സി.സി ഔദ്യോഗിക പ്രഖ്യാപനവും വന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് തീരുമാനം അറിയിച്ചത്. പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാൻഡ് ശരിവെക്കുകയായിരുന്നു. നിലമ്പൂരിൽ യു.ഡി.എഫിന് വിജയിക്കാനുള്ള സാഹചര്യമുണ്ടെന്നും യോഗത്തിൽ വിലയിരുത്തി.
അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. വി.എസ് ജോയിയും ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും അൻവറിന് തിരിച്ചടിയായി.
ആര്യാടൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് 2016ലാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ നിലമ്പൂർ പിടിച്ചെടുത്തത്. പിണറായിസത്തെ തകർക്കാനായി ആര് യു.ഡി.എഫ് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നായിരുന്നു നേരത്തേ അൻവർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മലക്കം മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.