എം.ഇ.എസ് മേധാവികളേ, നിങ്ങൾക്ക് ഒരൽല്പം കനിവുണ്ടാവണം, ലേശം ചരിത്രബോധവും - പുത്തൂര്‍ റഹ്മാന്‍

കോഴിക്കോട്: 94 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ച പെണ്‍കുട്ടിക്ക് വളാഞ്ചേരി എം.ഇ.എസ് കോളേജിൽ അഡ്മിഷന് ശ്രമിച്ചപ്പോള്‍ നേരിട്ട തിക്താനുഭവം പങ്കുവച്ച് എം.ഇ.എസ് മുൻ ഭാരവാഹിയും യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റുമായ പുത്തൂര്‍ റഹ്മാന്‍.

ഒന്നേകാല്‍ ലക്ഷം രൂപയാണ് കോളജ് അധികൃതർ ഡൊണേഷനായി ആവശ്യപ്പെട്ടത്. പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാല്‍ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി എം.ഇി.എസ് ഭാരവാഹികളെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ തുകയുമായി ചെന്നപ്പോള്‍ ഒരു കൊല്ലത്തെ മുഴുവൻ ഫീസും ഹോസ്റ്റൽ ഫീസും മുൻകൂറായി കെട്ടിവെച്ചാലേ അഡ്മിഷൻ തരാനാവൂ എന്ന നിലപാടിലായിരുന്നു കോളജ് അധികൃതർ. നമ്മുടെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും അവയുടെ മേധാവികളും ഇന്നെത്തിനിൽക്കുന്ന ലാഭക്കൊതികളുടെ ഇരയായി ഒരു സാധു പെൺകുട്ടിയുടെ പഠനം മുടങ്ങിക്കൂടെന്നതിനാൽ, പറഞ്ഞ പണം നൽകി കുട്ടിക്ക് അഡ്മിഷൻ എടുത്തു. ഇങ്ങിനെ എത്ര പാവങ്ങൾ എം.ഇ.എസ് സ്ഥാപനങ്ങളുടെ പടിവാതിൽക്കൽ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോയിട്ടുണ്ടാവും. ഏറ്റവും നന്നായി പഠിക്കുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളോടെങ്കിലും ഇവർക്ക് അല്പം ദയ കാണിച്ചു കൂടെ..? -പുത്തൂർ റഹ്മാൻ ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

എം.ഇ.എസ് മേധാവികളേ.. നിങ്ങൾക്ക് ഒരൽല്പം കനിവുണ്ടാവണം, ലേശം ചരിത്രബോധവും..!!

വയനാട് ജില്ലയിൽ നിന്നുള്ള മിടുക്കിയായ ഒരു പെൺകുട്ടിക്ക് വളാഞ്ചേരി എം.ഇ.എസ് കോളേജിൽ ബി.കോമിനൊരു സീറ്റ് വേണം. അവളുടെ ആഗ്രഹം അറിഞ്ഞ ആരോ എന്റെ നമ്പർ തപ്പിപ്പിടിച്ചു അവൾക്ക് കൊടുത്തു. എന്നെക്കൊണ്ട് അവളെ സഹായിക്കാനാകുമെന്ന് കരുതി ആ പെൺകുട്ടി എന്നെ വിളിച്ചു.

നാട്ടിൽ നിന്നും ഇങ്ങോ വിളിക്കുന്ന ഒരു ചെറുപ്പക്കാരിയല്ലേ, അവളുടെ പഠിക്കാനുള്ള താല്പര്യം മനസ്സിലാക്കി എന്നെക്കൊണ്ടാവുന്ന സഹായം ചെയ്യമെന്ന് പറഞ്ഞു ഞാനവളുടെ സഹായാഭ്യർഥന സ്വീകരിച്ചു.

കുട്ടിക്ക് 94% മാർക്കുണ്ട്. അവൾക്കൊരു സീറ്റിനായി വലിയ പ്രയാസമുണ്ടാവില്ലെന്നു ഞാൻ കരുതിയെങ്കിലും എല്ലാ വാതിലിലും മുട്ടിയിട്ടും ഫലം കാണാനാവുന്നില്ല എന്ന അവസ്ഥ. എനിക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ അനുഭവിക്കുന്ന ദുരവസ്ഥകൾ ഓർത്ത് ദുഖം തോന്നി. അവസാനം ആബിദ് ഉസൈൻ തങ്ങൾ എം.എൽ.എ യുടെ ഇടപെടലിലൂടെ ഒരു സീറ്റു കിട്ടി.

വളാഞ്ചേരി എം.ഇ.എസ് കോളേജിൽ അഡ്മിഷനു ചെന്നപ്പോഴാണറിയുന്നത് 125000 രൂപ ഡോണേഷൻ കൊടുക്കണം. ഫീസ് കൊടുക്കാൻ കഴിയണമെങ്കിൽ ആരുടെയെങ്കിലും സഹായം കിട്ടേണ്ടത്ര ദുർഗതിയുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണവൾ. അവൾ എന്നെ വിളിച്ചു സങ്കടപ്പെട്ടു. എങ്ങനെയായാലും അവളെ സഹായിക്കണമെന്നുള്ള ആഗ്രഹത്തോടെ ഞാൻ പലരുമായും ബന്ധപ്പെട്ടു.

എം.ഇ.എസ് പ്രസ്ഥാനത്തിന്റെ ഒരു മുൻഭാരവാഹി എന്ന നിലയിൽ വളാഞ്ചേരിയിലെ കോളേജ് പ്രിൻസിപ്പാളെയും ചെയർമാനെയും വിളിച്ചു ഡൊണേഷൻ തുക കുറച്ചുതരാൻ അപേക്ഷിച്ചു നോക്കി. അപ്പോൾ ചെയർമാന്റെ പ്രതികരണം ഇവിടെ സീറ്റില്ല, എല്ലാം ഫുൾ ആയല്ലോ എന്നായിരുന്നു. എന്നുവെച്ചാൽ ചോദിക്കുന്ന ഡൊണേഷൻ തരാൻ തയാറുള്ള ആളുകളുണ്ട്, താൻ വേറെ വഴി നോക്കെന്നു തന്നെ അർത്ഥം. എം.ഇ.എസിന്റെ യു.എ.ഇയിലെ ഭാരവാഹികളോട് അപേക്ഷിച്ചുനോക്കാമെന്ന് കരുതി അവരെയും ഞാൻ ബന്ധപ്പെട്ടു. ഫലമൊന്നുമുണ്ടായില്ല. എം.ഇ.എസ് പ്രസിഡന്റും ഞങ്ങളുടെയൊക്കെ സുഹൃത്തുമായ സാക്ഷാൽ ഫസൽ ഗഫൂറിനെയും വിളിച്ചു. ഒരാളും ഡൊണേഷൻ തുക ഒന്നു കുറച്ച് ആ പാവപ്പെട്ട പെൺകുട്ടിയെ സഹായിക്കാൻ തയാറല്ല എന്ന് ബോധ്യപ്പെട്ടതു മാത്രം മിച്ചം.

എനിക്ക് ആ കുട്ടിയുടെ ആഗ്രഹം സഫലമാക്കണം എന്ന വാശിയുണ്ടായി. ഡോണേഷൻ ആയി അവരാവശ്യപ്പെട്ട തുകയുമായി എന്റെ ഒരു സുഹൃത്ത് എം.ഇ.എസ് കോളേജിൽ ചെന്നു. അപ്പോഴാണ് ശരിക്കും ഞങ്ങൾ അമ്പരന്നത്. അവിടുത്തെ ഓഫീസ് അധികൃതർ പറയുകയാണ്, ഒരു കൊല്ലത്തെ മുഴുവൻ ഫീസും ഹോസ്റ്റൽ ഫീസും മുൻ കൂറായി കെട്ടിവെച്ചാലേ അഡ്മിഷൻ തരാനാവൂ. അവസാനം എല്ലാ ഫീസും കെട്ടിവെച്ചു കുട്ടിക്ക് അഡ്മിഷൻ വാങ്ങിച്ചുകൊടുത്തു.

അവൾ പഠിക്കട്ടെ. നമ്മുടെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും അവയുടെ മേധാവികളും ഇന്നെത്തിനിൽക്കുന്ന ലാഭക്കൊതികളുടെ ഇരയായി ഒരു സാധു പെൺകുട്ടിയുടെ പഠനം മുടങ്ങിക്കൂട. എന്നാലും ഞാൻ ആലോചിക്കുകയായിരുന്നു, മുസ്ലിം എജുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ മുൻഗാമികൾ ആരംഭിച്ച ഒരു മൂവ്മെന്റ് ഇങ്ങനെയാണോ മുന്നോട്ടുപോവേണ്ടത്. ഇങ്ങിനെ എത്ര പാവങ്ങൾ എം.ഇ.എസ് സ്ഥാപനങ്ങളുടെ പടിവാതിൽക്കൽ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോയിട്ടുണ്ടാവും. ഏറ്റവും നന്നായി പഠിക്കുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളോടെങ്കിലും ഇവർക്ക് അല്പം ദയ കാണിച്ചു കൂടെ..?

എം.ഇ.എസ്സിന്റെ ചരിത്രം പരിശോധിച്ചാൽ ഈ പ്രസ്ഥാനം തുടങ്ങിയത് തന്നെ ദരിദ്ര വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ ലക്ഷ്യത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പല സാംസ്‌കാരിക സംഘടനകളും വ്യക്തികളും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സംഘടിതമായി മുന്നോട്ടു നീങ്ങാൻ അവർക്കൊന്നും കഴിഞ്ഞില്ല. ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരര്‍ഹിക്കുന്ന രീതിയില്‍ ഉപരിപഠനത്തിന് സാമ്പത്തിക സഹായമേകുന്നതിന് ഒരു സംഘടിത ശ്രമം എന്ന നിലക്കാണ് 1964 സെപ്തംബര്‍ മാസം ഡോക്ടര്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ സാഹിബിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മുസ്ലിം സമുദായ നേതാക്കന്മാരുടെ യോഗം ചേർന്നത്. നന്നായി പഠിക്കുന്ന കുട്ടികൾക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക എന്ന പ്രധാനലക്ഷ്യം മുന്‍നിര്‍ത്തി അമ്പതാളുകളെ മെമ്പര്‍മാരായി ചേര്‍ത്തുകൊണ്ടു ഗഫൂര്‍ സാഹിബ് പ്രസിഡന്റും, ഡോ. കെ. മുഹമ്മദ് കുട്ടി സെക്രട്ടറിയും, കെ.സി ഹസ്സന്‍കുട്ടി ട്രഷറര്‍ ആയും മുസ്‌ലിം എഡുക്കേഷണല്‍ സൊസൈറ്റി രൂപീകരിച്ചതിന്റെ ചരിത്രമിതാണ്. ഈ ചരിത്രവസ്തുത അറിയുകയും ഇന്നത്തെ യാഥാർഥ്യം അനുഭവിക്കുകയും ചെയ്യുന്ന ഒരാൾക്കു വിദ്യാഭ്യാസ പ്രവർത്തനം വെറും കച്ചവടമായി മാറിയതിന്റെ വേറൊരു തെളിവും വേണ്ട. 58 കൊല്ലം മുമ്പേ എം.ഇ.എസ് സ്ഥാപകരായി മുസ്ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിനു മുന്നിൽ നിന്ന മഹദ് വ്യക്തികൾ ഇവരോട് പൊറുക്കട്ടെ..!

-

പുത്തൂർ റഹ്മാൻ

പ്രസിഡന്റ്, യു.എ.ഇ കെ.എം.സി.സി

Tags:    
News Summary - Puthur Rahman against MES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.