കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. അയ്യൻകാളി ജയന്തി, തിരുവോണം, ചതയദിനം തുടങ്ങി തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നതിനാൽ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. സെപ്റ്റംബർ മൂന്നിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം. അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി വോട്ടുപിടിക്കാൻ കിട്ടുക. അതിനുമുമ്പ് പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കണം. തിരുവോണത്തോടനുബന്ധിച്ച് മൂന്ന് മുന്നണി സ്ഥാനാർഥികളും പരസ്യപ്രചാരണത്തിന് ഇടവേള നൽകിയിരിക്കുകയാണ്.
യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ശനി, ഞായർ ദിവസങ്ങളിൽ പ്രചാരണം നടത്തിയിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ 41ാം ചരമദിനാചരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച തിരുവനന്തപുരത്തുമായിരുന്നു. തിങ്കളാഴ്ച മണര്‍കാട് പഞ്ചായത്തില്‍ വാഹനപര്യടനം നടത്തും. തിരുവോണത്തിന്റെ അന്ന് ഓണാഘോഷങ്ങളിൽ പങ്കെടുത്ത് വ്യക്തിപരമായി വോട്ടുതേടും. 30, 31 തീയതികളിലും പരസ്യപ്രചാരണമുണ്ടാവില്ല. 30ന് പൊതുയോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പങ്കെടുക്കും. സെപ്റ്റംബർ ഒന്നിന് എ.കെ. ആന്റണിയും രണ്ടിന് ശശി തരൂരും മണ്ഡലത്തിലെത്തും. ഒന്നിന് വാകത്താനം, രണ്ടിന് അകലക്കുന്നം പഞ്ചായത്തുകളിലാണ് സ്ഥാനാർഥി പര്യടനം.
എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് ഞായറാഴ്ച അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിൽ പര്യടനം നടത്തി. 28, 29 തീയതികളിൽ പൊതുപ്രചാരണം ഒഴിവാക്കും. തിരുവോണത്തിന് കോട്ടയം മെഡിക്കൽ കോളജിൽ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണസംരംഭത്തിൽ പങ്കാളിയാവുകയാണ് പതിവ്. ഇത്തവണയും അതു തുടരും. 30, സെപ്റ്റംബർ ഒന്ന് തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മണ്ഡലത്തിലെത്തും. 24ന് അദ്ദേഹം രണ്ട് പഞ്ചായത്തുകളിലെ പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു. എൻ.ഡി.എ സ്ഥാനാർഥി ലിജിൻലാൽ 29, 30, 31 തീയതികളിൽ പൊതുപ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കും. കേരളത്തിന്റെ സംഘടന ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കർ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവർ എൻ.ഡി.എയുടെ അവസാന ഘട്ടപ്രചാരണത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.