പുതുപ്പള്ളി: കോൺഗ്രസ് വെപ്രാളം കാണിച്ചു, ബി.ജെ.പി സ്ഥാനാർഥിയെ 12 ന് ശേഷം തീരുമാനിക്കും -കെ. സുരേന്ദ്രൻ

ഗുരുവയൂർ: പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സഹതാപ തരംഗം മുതലെടുക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു.

തൃശൂരിൽ 12ന് ചേരുന്ന കോർ കമ്മിറ്റിയുടെയും സംസ്ഥാന നേതാക്കളുടെയും യോഗത്തിന് ശേഷമാണ് ബി.ജെ.പി സ്ഥാനാർഥിയെ തീരുമാനിക്കുക. അന്ന് വൈകീട്ട് എൻ.ഡി.എ യോഗവുമുണ്ട്. കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്യും -സുരേന്ദ്രൻ വ്യക്തമാക്കി.

സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 10നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങുക. ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ആഗസ്റ്റ് 21നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.

ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ യു.ഡി.എഫ് സ്ഥാനാർഥിയായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനകമാണ് ചാണ്ടി ഉമ്മനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഒറ്റക്കെട്ടായാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ​

അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ​ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘അപ്പ മരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. ആ വികാരം മണ്ഡലത്തിൽ പ്രതിഫലിക്കും. അതിനൊപ്പം രാഷ്ട്രീയ വിഷയങ്ങൾ കൂടി മണ്ഡലത്തിൽ ചർച്ചയാകും’ -അദ്ദേഹം പറഞ്ഞു.

എല്ലാവരുമായും ആശയ വിനിമയം നടത്തിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുന്നണി നേതാക്കളുമായും ആശയ വിനിമയം നടത്തി. കേരളത്തിൽ നിന്ന് ചാണ്ടി ഉമ്മന്റെ പേര് മാത്രമേ കേന്ദ്ര നേതൃത്വത്തിന് നൽകിയുള്ളുവെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - Puthupally: BJP candidate will be decided after Aug 12 -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.