കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിെന്റ പരസ്യപ്രചാരണത്തിന് ഞായറാഴ്ച കൊട്ടിക്കലാശം. രാഷ്ട്രീയ വിവാദങ്ങളും വികസനവും ചർച്ചയായ മണ്ഡലത്തിൽ ദേശീയ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കി വിജയം ഉറപ്പിക്കാനുള്ള അവസാന തത്രപ്പാടിലാണ് മുന്നണികൾ. ശനിയാഴ്ച റോഡ്ഷോ നടത്താൻ പാർട്ടികൾ തീരുമാനിച്ചിരുന്നെങ്കിലും മഴ വെല്ലുവിളിയായി. പാമ്പാടിയിലാണ് കൊട്ടിക്കലാശം.
53 വർഷമായി പുതുപ്പള്ളിയുടെ എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞമാസം പത്തിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ഈ മാസം അഞ്ചിന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫിന്റെ ചാണ്ടി ഉമ്മൻ, എൽ.ഡി.എഫിന്റെ ജെയ്ക് സി. തോമസ്, ബി.ജെ.പിയുടെ ജി. ലിജിൻ ലാൽ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ഇവർക്ക് പുറമെ ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ്, സ്വതന്ത്രന്മാരായ സന്തോഷ് ജോസഫ്, ഷാജി, പി.കെ. ദേവദാസ് എന്നിവരും മത്സരരംഗത്തുണ്ട്. ത്രികോണ മത്സരം എന്ന നിലയിലുള്ള പ്രചാരണമാണ് മണ്ഡലത്തിൽ.
എല്ലാ മുന്നണിയുടെയും പ്രധാന നേതാക്കൾ പ്രചാരണ രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുതവണ മണ്ഡലത്തിലെത്തി. എട്ട് പഞ്ചായത്തിൽ പൊതുയോഗങ്ങളിൽ പങ്കെടുത്തു. മന്ത്രിമാരുടെ വൻപടയും ജനകീയ സംവാദ സദസ്സുകളുമായി സജീവമായി. യു.ഡി.എഫിനായി എ.കെ. ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രവർത്തക സമിതി അംഗം ശശി തരൂർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയവരും ബി.ജെ.പിക്കായി കേന്ദ്ര സഹമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ദേശീയ സെക്രട്ടറി അനിൽ ആന്റണി തുടങ്ങിയവരും മണ്ഡലത്തിലെത്തി. തിങ്കളാഴ്ച വീടുകൾ കയറി വോട്ട് ഉറപ്പിക്കുന്നതിനുള്ള തിരക്കിലായിരിക്കും മുന്നണികൾ.
ആയിരത്തോളം പൊലീസുകാരെയാണ് സുരക്ഷാക്രമീകരണങ്ങൾക്ക് നിയോഗിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെ അങ്കത്തിന് ഇറങ്ങിയതിനാൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. ഉമ്മൻ ചാണ്ടിക്കെതിരെ രണ്ട് പ്രാവശ്യം മത്സരിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറക്കാനായ ജെയ്ക് സി. തോമസിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അൽപം വൈകിയാണെങ്കിലും പരമാവധി വോട്ടുകൾ നേടാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.