കായംകുളം: സി.പി.എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിൽ അശ്ലീലനടപടികൾ തുടർക്കഥയാകുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. നേതാവിനെതിരെ അശ്ലീലകഥ മെനഞ്ഞ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെയും ബി.ജെ.പി വനിത നേതാവിനോട് വർത്തമാനം പറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയെയും പുറത്താക്കി.
സഖാക്കളുടെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് വനിത ലോക്കൽ കമ്മിറ്റി അംഗം രാജിവെച്ചതും തിരിച്ചടിയായി. ഏരിയ കമ്മിറ്റി അംഗവും ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റുമായ എസ്. പവനനാഥനെ ഫോൺ സംഭാഷണത്തിലൂടെ ആക്ഷേപിച്ച സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിമാരായ രമേശൻ, ജഗദീഷ് എന്നിവർക്കും ബി.ജെ.പി വനിത നേതാവിനോട് സംസാരിച്ച വിഷയത്തിൽ അരുണിനും എതിരെയാണ് നടപടി.
അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ലോക്കൽ കമ്മിറ്റി അംഗം ബിനുവിനെയും വനിത സഖാവിനെയും രണ്ടാഴ്ച മുമ്പ് പുറത്താക്കിയിരുന്നു. ഇതിന്റെ അലകൾ അടങ്ങുന്നതിന് മുമ്പാണ് പാർട്ടിയെ വീണ്ടും വെട്ടിലാക്കി ബ്രാഞ്ച് സെക്രട്ടറിമാരുടെ നടപടി. ഇത്തരം നടപടി തുടർക്കഥയായതോടെയാണ് ഇവരോടൊപ്പം തുടരാനാകില്ലെന്ന നിലപാടുമായി മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ശ്രീകുമാരിയാണ് രാജിവെച്ചത്.
കുടുംബവിഷയത്തിൽ അച്ചടക്ക നടപടിക്ക് വിധേയനായ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പാർട്ടി പരിപാടിയിൽ പങ്കെടുപ്പിച്ചതിന് ലോക്കൽ സെക്രട്ടറി താക്കീതിന് വിധേയനായെന്ന സൂചനയുണ്ട്. തുടർച്ചയായി വീഴ്ചകൾ വരുത്തുന്ന പുതുപ്പള്ളി ലോക്കൽ കമ്മിറ്റി പിരിച്ചുവിടണമെന്ന അഭിപ്രായവും ഏരിയ കമ്മിറ്റിയിൽ ഉയർന്നതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.