2023 ജനുവരി ഒന്നുമുതൽ നവംബർ 24 വരെ ചുമത്തിയ പിഴ ₨3,33,12,047, ഈടാക്കിയത് ₨85,68,112, സ്ഥാപിച്ച കാമറകൾ 537, പാരിതോഷികം 3.07 ലക്ഷം
കൊച്ചി: പരിശോധനകളും കാമറ നിരീക്ഷണവും ശക്തമാക്കിയിട്ടും സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിന് കുറവില്ല. കഴിഞ്ഞ വർഷം മാത്രം ഇങ്ങനെ മാലിന്യം നിക്ഷേപിച്ചവർക്കും നിരോധിത പ്ലാസ്റ്റിക് ഉപയോഗമടക്കം നിയമലംഘനങ്ങൾക്കും ചുമത്തിയ പിഴ 3,33,12,047 രൂപയാണ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് മാലിന്യനിക്ഷേപ കേന്ദ്രമാക്കിയവർ വ്യാപകമായി കുടുങ്ങിയത്.
കാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യമെറിയുന്നവരെ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ പരിശോധന ശക്തമാക്കിയിരുന്നു. ജലാശയങ്ങളടക്കം പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുകയും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കടകളിൽ സൂക്ഷിക്കുകയും ചെയ്തവർക്കാണ് 3.33 കോടി പിഴ ചുമത്തിയത്.
2023 ജനുവരി ഒന്നുമുതൽ നവംബർ 24 വരെയുള്ള കണക്കാണിത്. എന്നാൽ, ഇതിൽ 85,68,112 രൂപ മാത്രമേ ഈടാക്കാനായിട്ടുള്ളൂ. പിഴ ചുമത്തിയ തീരുമാനം നിയമനടപടികളിലേക്ക് പോയതാണ് കാരണം.
മിന്നൽപരിശോധനയിലൂടെയും കാമറ നിരീക്ഷണത്തിലൂടെയുമാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് 5000 മുതൽ ഒരുലക്ഷം രൂപ വരെ പിഴ ചുമത്തിയ കേസുകളുണ്ട്. മാലിന്യം നീക്കി സ്ഥലം വൃത്തിയാക്കാനുള്ള ചെലവ് കൂടി ഉൾപ്പെടുത്തിയാണ് പിഴ. പരിശോധന ശക്തമാക്കിയതോടെ പിഴ ചുമത്തുന്നതിൽ മുൻ വർഷത്തെ അപേക്ഷിച്ച് വർധനവുണ്ടായിട്ടുണ്ടെന്നും ശുചിത്വമിഷൻ അധികൃതർ പറയുന്നു.
കൈമാറിയത് 33,973 ടൺ മാലിന്യം
പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയതും ഹരിത കർമസേനകൾ വഴിയും മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) വഴിയും ശേഖരിച്ചതുമായ 33,973 ടൺ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ ഡിസംബർ 31 വരെ കാലയളവിലാണ് ഇത്രയും മാലിന്യം തരംതിരിച്ച് കമ്പനിക്ക് നൽകിയത്.
കാമറ നിരീക്ഷണം തകൃതി
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പിടികൂടാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതിനകം 537 കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ 287ഉം റോഡരികുകളിൽ 175ഉം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 75ഉം കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടുതൽ കാമറകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾ സർക്കാറിന് പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
മറക്കല്ലേ, പാരിതോഷികമുണ്ട്
പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെക്കുറിച്ച് രഹസ്യവിവരം നൽകിയവർ പാരിതോഷികമായി നേടിയത് 3,07,957 രൂപ. മാലിന്യം വലിച്ചെറിയുന്നവരുടെയും ദ്രവമാലിന്യം ഒഴുക്കുന്നവരുടെയും ചിത്രം അല്ലെങ്കിൽ വിഡിയോ സഹിതം തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് വിവരം കൈമാറുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി കഴിഞ്ഞ ജൂണിലാണ് നിലവിൽവന്നത്. നവംബർ വരെയാണ് മൂന്നുലക്ഷത്തിലധികം രൂപ പാരിതോഷികമായി നൽകിയത്. പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2500 രൂപയാണ് ഇങ്ങനെ നൽകുക.
ടി.എം. മുഹമ്മദ് ജാ (എക്സിക്യൂട്ടിവ് ഡയറക്ടർ, ശുചിത്വ മിഷൻ)
ഗുണഫലം കണ്ടുതുടങ്ങി
നടപടികൾ കർശനമാക്കിയതോടെ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരായിട്ടുണ്ട്. ഇത് മാലിന്യ നിർമാർജന യത്നങ്ങൾക്ക് കൂടുതൽ ഉണർവ് പകരുന്നു. ബോധവത്കരണംകൊണ്ട് മാത്രം കാര്യമില്ലെന്ന തിരിച്ചറിവിൽനിന്നാണ് പിഴ ഈടാക്കുന്നത് പോലുള്ള ശക്തമായ നടപടികൾ ആരംഭിച്ചത്. ഇതിന്റെ ഗുണഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.