പി.ടി. തോമസിന്റെ ഭൗതികശരീരം ചിതയിലേക്കെടുക്കുന്നതിനു മുമ്പ് അന്ത്യചുംബനം നൽകുന്ന ഭാര്യ ഉമ (ചിത്രങ്ങൾ: അഷ്കർ ഒരുമനയൂർ / പി. അഭിജിത്ത്)
കൊച്ചി: ഒഴുകിയെത്തിയ ആയിരങ്ങൾ തൊണ്ടപൊട്ടുമാറ് ഉയർത്തിയ മുദ്രാവാക്യം വിളികളുടെ അകമ്പടിയിൽ അഗ്നിനാളങ്ങളിലേക്ക് എരിഞ്ഞുതീർന്ന് പി.ടി. തോമസ് എം.എൽ.എ. 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...' എന്ന വയലാർ വരികൾ പതിഞ്ഞുയരവെ എറണാകുളം രവിപുരം ശ്മശാനത്തിൽ വ്യാഴാഴ്ച വൈകീട്ട് 6.45ഒാടെ മക്കളായ ഡോ. വിഷ്ണുവും വിവേകും ചിതക്ക് തീകൊളുത്തി. സമീപം ഭാര്യ ഉമ കണ്ണീരോടെ അന്ത്യ ചുംബനം നൽകി കണ്ടുനിന്നു.
ഭൗതികശരീരം എരിഞ്ഞുതീരുമ്പോഴും ചുറ്റും കൂടിയ കോൺഗ്രസ് പ്രവർത്തകരുടെ 'ഇല്ല പി.ടി മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ...' മുദ്രാവാക്യം വിളികൾ നിലച്ചിരുന്നില്ല. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ചിതയിലേക്ക് എടുത്തത്. ജീവിതത്തിലുടനീളം പുലർത്തിവന്ന ആശയാദർശങ്ങൾ തരിമ്പുപോലും ഉലയാത്തവിധം അന്ത്യയാത്രയിലും അദ്ദേഹം വേറിട്ടുനിന്നു. മതപരമായ എല്ലാ ചടങ്ങുകളും ഒഴിവാക്കിയായിരുന്നു പൊതുദർശനവും സംസ്കാരവും.
പി.ടി. തോമസിന്റെ ഭൗതികശരീരം രവിപുരം ശ്മശാനത്തിൽ ദഹിപ്പിച്ചപ്പോൾ
റീത്തുകളുടെ ഭാരമില്ലാതെ വയലാറിെൻറ വരികൾ മാത്രം ഈണമിട്ട പശ്ചാത്തലത്തിലായിരുന്നു പൊതുദർശനം. നേരേത്ത, ഇടുക്കി ജില്ലയിൽനിന്ന് മൂവാറ്റുപുഴ വഴി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ എറണാകുളം ജില്ലയിൽ എത്തിച്ച ഭൗതികശരീരം പാലാരിവട്ടത്തെ സ്വവസതിയിലും എറണാകുളം ടൗൺഹാളിലും തുടർന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളിലും എത്തിച്ചശേഷമാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. രാഷ്ട്രീയ കേരളം ഒന്നാകെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിന്, പി. രാജീവ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ. സുധാകരൻ, വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവർ എറണാകുളം ടൗൺഹാളിലും തൃക്കാക്കര കമ്യൂണിറ്റി ഹാളിലുമായി അന്ത്യാഞ്ജലി അർപ്പിച്ചു.
രാഹുൽ ഗാന്ധി പി.ടിയുടെ പത്നി ഉമയെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്നു
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രിയ നേതാവിനെ അവസാന നോക്ക് കാണാനെത്തി. നിശ്ചയിച്ചതിൽനിന്ന് മണിക്കൂറുകൾ വൈകിയാണ് പൊതുദർശനം അവസാനിപ്പിക്കാനായത്. അർബുദബാധിതനായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 10.15ഓടെയാണ് പി.ടി വിടവാങ്ങിയത്.
എറണാകുളം ഡി.സി.സി ഓഫിസിൽ കൊണ്ടുവന്ന മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചശേഷം അന്തിമോപചാരം അർപ്പിക്കുന്നു
വൈകാരികമാക്കി മുദ്രാവാക്യം വിളികൾ
കാക്കനാട്: കോൺഗ്രസ് പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് പി.ടിയുടെ മൃതദേഹം കാക്കനാട് കമ്യൂണിറ്റി ഹാളിലെത്തിച്ചത്. ഹാളിനെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങൾക്ക് പിന്നാലെ പൊലീസിെൻറ ഗാർഡ് ഓഫ് ഓണറിന് ശേഷമായിരുന്നു അന്തിമോപചാരം അർപ്പിക്കാൻ എത്തിയവർക്ക് സൗകര്യം ഒരുക്കിയത്. രണ്ടേമുക്കാൽ മണിക്കൂർ നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം എടുക്കുമ്പോഴും പ്രിയ നേതാവിന് അഭിവാദ്യമർപ്പിച്ച് കെ.എസ്.യു പ്രവർത്തകർ മുദ്രാവാക്യം വിളികൾ മുഴക്കി. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾെപ്പടെയുള്ളവർ ഏറെ വൈകാരികമായിട്ടാണ് മുദ്രാവാക്യം ഏറ്റുവിളിച്ചത്.
മൂവാറ്റുപുഴ: കോൺഗ്രസ് നേതാവ് പി.ടി. തോമസിന് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത് നൂറുകണക്കിനാളുകൾ. പുലർച്ച മുതൽ കാത്തുനിന്നാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ ജനനേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. പുലർച്ച 4.30ന് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തിച്ചേരുമെന്ന അറിയിപ്പിനെത്തുടർന്ന് നാലുമണി മുതൽ തന്നെ പ്രവർത്തകർ മൂവാറ്റുപുഴ ടൗൺഹാളിലേക്ക് വന്നുതുടങ്ങിയിരുന്നു. എന്നാൽ, 8.45നാണ് വിലാപയാത്ര എത്തിയത്. കോതമംഗലം, പെരുമ്പാവൂർ പ്രദേശങ്ങളിൽനിന്ന് അടക്കം നിരവധിപേർ പി.ടി. തോമസിെൻറ ഭൗതികശരീരം ഒരുനോക്ക് കാണാനായി എത്തിച്ചേർന്നിരുന്നു.
അന്തിമോപചാരം അർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പി.ടിയുടെ ഭാര്യ ഉമക്കും മക്കൾക്കുമൊപ്പം
വേദനയോടെ വിടയേകി തൃക്കാക്കര
കാക്കനാട്: ചുറ്റുപാടും പൂക്കൾകൊണ്ട് അലങ്കരിച്ച വെള്ളത്തുണി വിരിച്ച പീഠം. മണിക്കൂറുകളായി ഉടമസ്ഥനെ കാത്തിരുന്ന ആ പീഠത്തിന് മുകളിലേക്കാണ് വ്യാഴാഴ്ച ഉച്ചക്ക് 2.45ഓടെ പി.ടി. തോമസിെൻറ ചേതനയറ്റ മൃതദേഹം െവച്ചത്. ഉദ്ഘാടകനായും അധ്യക്ഷനായും നിരവധി പരിപാടികളിൽ പങ്കെടുത്ത കാക്കനാട്ടെ നഗരസഭ കമ്യൂണിറ്റി ഹാൾതന്നെ അന്ത്യയാത്രാമൊഴിക്ക് വേദിയായത് പലരും ഓർമിച്ചെടുത്തു.
കോൺഗ്രസ് നേതാക്കൾക്കൊപ്പം മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, കെ. രാധാകൃഷ്ണൻ, പി. പ്രസാദ്, കെ. രാജൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖ വ്യവസായി എം.എ. യൂസുഫലിയും ആദരാഞ്ജലി അർപ്പിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
5.30ഓടെ കെ.എസ്.യു പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടയിലൂടെയാണ് രവിപുരം ശ്മശാനത്തിലേക്കുള്ള അന്ത്യയാത്രക്ക് പി.ടി. തോമസിനെ യാത്രയാക്കിയത്. അപ്പോഴും കമ്യൂണിറ്റി ഹാളിലെ സ്പീക്കറിൽ വയലാറിെൻറ വരികൾ പതിഞ്ഞ ശബ്ദത്തിൽ ഒഴുകുന്നുണ്ടായിരുന്നു. ജീവിച്ച് കൊതിതീരാത്ത പി.ടിയുടെ അന്ത്യാഭിലാഷമായ വരികൾ.
പി.ടി തോമസിന് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടി മടങ്ങുന്നു
പൊതുദർശനം ഒരുക്കിയത് നഗരസഭ നേതൃത്വത്തിൽ
കാക്കനാട്: പ്രിയപ്പെട്ട എം.എൽ.എക്ക് അവസാന യാത്രയൊരുക്കാൻ കക്ഷിരാഷ്ട്രീയ ജാതിഭേദമന്യേയാണ് തൃക്കാക്കരയിലെ ജനം ഒന്നിച്ചത്. ജില്ല ആസ്ഥാനംകൂടിയായ കാക്കനാട്ടെ നഗരസഭ കമ്യൂണിറ്റി ഹാളിലായിരുന്നു പി.ടി. തോമസ് എം.എൽ.എയുടെ മൃതദേഹം അവസാനമായി പൊതുദർശനത്തിന് െവച്ചത്. ബുധനാഴ്ച ചേർന്ന തൃക്കാക്കര നഗരസഭ കൗൺസിലർമാരുടെ അടിയന്തര യോഗത്തിലാണ് പൊതുദർശനത്തിനുള്ള സൗകര്യം നഗരസഭ നേരിട്ട് ഒരുക്കാൻ തീരുമാനിച്ചത്.
ഭരണ പ്രതിപക്ഷങ്ങൾക്കിടയിൽ തുടരുന്ന തർക്കങ്ങൾക്കിടയിൽ വേറിട്ട അനുഭവമായിരുന്നു പി.ടിയുടെ അന്ത്യയാത്രക്കായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനുള്ള കൗൺസിലർമാരുടെ തീരുമാനം. തിരക്കുനിയന്ത്രിക്കാനും അേന്ത്യാപചാരം അർപ്പിക്കാനെത്തിയവർക്ക് സഹായമൊരുക്കാനും 43 കൗൺസിലർമാരും ഒന്നിച്ച് രംഗത്തിറങ്ങി. ഒരിക്കൽപോലും പൊലീസിന് കാര്യമായി ഇടപെടേണ്ട സ്ഥിതി ഉണ്ടായില്ല.
എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് െവച്ചിരുന്നെങ്കിലും തൃക്കാക്കരയിൽനിന്നുള്ള ഡി.സി.സി ഭാരവാഹികളെല്ലാവരും അവിടെ പോകാതെ രാവിലെ മുതൽ കമ്യൂണിറ്റി ഹാളിൽതന്നെയായിരുന്നു. നഗരസഭ പരിധിയിൽ ഉച്ചക്കുശേഷം പ്രാദേശിക അവധി ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.