ആരോഗ്യവകുപ്പിലെ പിൻവാതിൽ നിയമനങ്ങൾക്ക് പി.എസ്.സിയുടെ കുഴലൂത്ത്

തിരുവനന്തപുരം: ഉദ്യോഗാർഥികളെയും റാങ്ക് ലിസ്റ്റുകളെയും നോക്കുകുത്തിയാക്കി ആരോഗ്യവകുപ്പിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്ക് കേരള പബ്ലിക് സർവിസ് കമീഷന്‍റെ കുഴലൂത്ത്. ഒഴിവുകൾ പൂഴ്ത്തിവെച്ച് താൽക്കാലികക്കാരെ സർക്കാർ കൈയയഞ്ഞ് സഹായിക്കുമ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ പോലും നിയമനശിപാർശ നൽകാതെ ഉദ്യോഗാർഥികളെ വട്ടംകറക്കുകയാണ് പി.എസ്.സി. 14 ജില്ലകളിലെയും സ്റ്റാഫ് നേഴ്സ് ഗ്രേഡ്-2 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് സർക്കാറിന്‍റെയും പി.എസ്.സിയുടെയും മെെല്ലപ്പോക്കിൽ നട്ടംതിരിയുന്നത്.

2019ൽ നോട്ടിഫിക്കേഷൻ ചെയ്ത തസ്തികയിൽ വെരിഫിക്കേഷൻ പൂർത്തിയായി നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായാണ് എല്ലാ ജില്ലകളിലും റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽപോലും കാര്യമായി നിയമനം നടന്നിട്ടില്ല. 483 പേർ റാങ്ക് പട്ടികയിലും 188 പേർ സപ്ലിമെന്‍ററി പട്ടികയിലുമുള്ള തിരുവനന്തപുരം ജില്ലയിൽ ആറുമാസമായിട്ടും ഒരാളെപ്പോലും നിയമിച്ചിട്ടില്ല. 65 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഉദ്യോഗാർഥികളെ പി.എസ്.സി അറിയിച്ചത്.

ഇതിൽ 48 എണ്ണം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 2016ലെ റാങ്ക് ലിസ്റ്റുകാർക്ക് നൽകേണ്ടതാണ്. എന്നാൽ ബാക്കിയുള്ള ഒഴിവുകളിൽ എന്തുകൊണ്ട് നിയമനശിപാർശ നൽകുന്നില്ലെന്ന ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല.

കൊല്ലം ജില്ലയിൽ റാങ്ക് ലിസ്റ്റ് ആറുമാസം പിന്നിടുമ്പോൾ നിയമനം ലഭിച്ചത് ഏഴുപേർക്ക് മാത്രമാണ്. ആലപ്പുഴ ജില്ലയിൽ മെയിൻ ലിസ്റ്റിൽ 252 പേരും സപ്ലിമെൻററി ലിസ്റ്റിൽ 195 പേരുമുണ്ട്. ഇതിൽ നിന്ന് ആരെയും നിയമിക്കാതെ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ്, വിവിധ പി.എച്ച്.സികൾ എന്നിവിടങ്ങളിൽ നൂറ്റമ്പതിലേറെ പേരെ കരാർ അടിസ്ഥാനത്തിൽ ലക്ഷങ്ങൾ കോഴവാങ്ങി നിയമിച്ചതായി റാങ്ക് ഹോൾഡേഴ്സ് ആരോപിക്കുന്നു. 15 പേരെ നിയമിച്ചെങ്കിലും ഇതെല്ലാം കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ ജോലി വേണ്ടെന്ന് എഴുതിക്കൊടുത്തവർക്ക് പകരം കേറിയവരാണ്.

കണ്ണൂർ-20, കോഴിക്കോട്-12, മലപ്പുറം-21, തൃശൂർ-20, എറണാകുളം-19 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ മുൻ റാങ്ക് ലിസ്റ്റിലെ എൻ.ജെ.ഡി ഒഴിവുകളിലേക്ക് പുതിയ പട്ടികയിൽ നിന്ന് എടുത്തവരുടെ എണ്ണം. ഇടുക്കിയിൽ രണ്ടുപേരെയും വയനാട്ടിൽ അഞ്ചുപേരെയും പത്തനംതിട്ടയിൽ നാലുപേരെയും നിയമിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ താൽക്കാലികക്കാരെ നിയമിക്കുന്നതിന് മാലാഖകൂട്ടം, ദീപങ്ങൾ തുടങ്ങിയ പേരുകളിൽ വിവിധ പദ്ധതികളാണ് തദ്ദേശസ്ഥാപനങ്ങൾ വഴി നിലവിൽ നടപ്പാക്കുന്നത്.

ആരോഗ്യ-തദ്ദേശവകുപ്പുകൾ നടത്തുന്ന ഇത്തരം താൽക്കാലിക നിയമനങ്ങളെ തുടർന്ന് പല ആശുപത്രികളിലും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. ഒഴിവുകൾ റിപ്പോട്ട് ചെയ്യാതെ ബൈ ട്രാൻസ്ഫറിനായി പൂഴ്ത്തിവെക്കുന്ന പ്രവണതയും ശക്തമാണ്.

ഒഴിവ് സംബന്ധിച്ച് നൽകുന്ന വിവരാവകാശങ്ങളിൽ പോലും പുകമറ സൃഷ്ടിച്ചുകൊണ്ടുള്ള മറുപടികളാണ് ആരോഗ്യവകുപ്പിൽ നിന്നുണ്ടാകുന്നതെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

അതേസമയം ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പി.എസ്.സി നിയമന ശിപാർശ നൽകാത്തതിനാലാണ് താൽക്കാലിക നിയമനം നടത്തേണ്ടിവരുന്നതെന്നുമാണ് ജില്ല മെഡിക്കൽ ഓഫിസർമാരുടെ വാദം.

എന്തു വിധിയിത്..

സ്റ്റാഫ് നേഴ്സ് ഗ്രേഡ്-2ൽ നിന്ന് ഗ്രേഡ് ഒന്നിലേക്കുള്ള പ്രമോഷൻ വൈകിപ്പിക്കുന്നതിനാൽ ഗ്രേഡ് 2 തസ്തികയിൽ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ഉദ്യോഗാർഥികൾക്ക് വെല്ലുവിളിയാകുന്നുണ്ട്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പ്രമോഷൻ നടത്തേണ്ടതാണെങ്കിലും ഇതുവരെ അതിനുള്ള പട്ടിക തയാറാക്കിയിട്ടില്ല.

ആർദ്രം പദ്ധതിയുടെ ഭാഗമായി നിരവധി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. എന്നാൽ ആവശ്യമായ പുതിയ തസ്തികകൾ ഇതിനായി സൃഷ്ടിക്കാത്തതും തിരിച്ചടിയായി. രോഗി-നഴ്സ് അനുപാതം പുനഃക്രമീകരിക്കണമെന്നും താൽക്കാലിക നിയമനം നടത്താതെ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

Tags:    
News Summary - PSC's backing for backdoor appointments in the health department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.