ഗുരുതര അപാകത; ലൈബ്രേറിയന്‍ ഗ്രേഡ് നാല് പരീക്ഷ പി.എസ്.സി റദ്ദാക്കി

തിരുവനന്തപുരം: ഗുരുതര അപാകതകള്‍ കണ്ടത്തെിയ ലൈബ്രേറിയന്‍ ഗ്രേഡ് -നാല് പരീക്ഷ പി.എസ്.സി റദ്ദാക്കി. ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഇതേ തസ്തികയിലേക്ക് കോഴിക്കോട് നടന്ന പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ടതാണെന്ന് പി.എസ്.സി വിജിലന്‍സ് വിഭാഗത്തിന്‍െറ അന്വേഷണത്തില്‍ കണ്ടത്തെി. 
ചോദ്യകര്‍ത്താക്കളായ അനീഷ് ഐ., ഡോ. കെ.സി. അബ്ദുല്‍ മജീദ് എന്നീ കോളജ് അധ്യാപകര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെടാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഇവര്‍ക്കെതിരെ കര്‍ശന വകുപ്പുതല നടപടിയെടുക്കാന്‍ വകുപ്പ് മേധാവികളോടും ആവശപ്പെടും. അനീഷ് ഐ. എന്ന അധ്യാപകനെ മുഴുവന്‍ പരീക്ഷകളില്‍നിന്നും സ്ഥിരമായി വിലക്കി. ഇദ്ദേഹം പി.എസ്.സിയുടെ ഏതെങ്കിലും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യാനും തീരുമാനിച്ചു. അനീഷ് എം.ജി. സര്‍വകലാശാലക്ക് കീഴില്‍ സ്വാശ്രയ കോഴ്സിലെ കരാര്‍ അധ്യാപകനും അബ്ദുല്‍ മജീദ് കോഴിക്കോട് ജില്ലയിലെ കോളജ് അധ്യാപകനുമാണ്. ലൈബ്രേറിയന്‍ ഗ്രേഡ് -നാല് (കാറ്റഗറി നമ്പര്‍ 504/15, 505/15, 506/15, 507/15 കോമണ്‍പൂള്‍ ലൈബ്രറി തസ്തികകളിലേക്ക് കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് പി.എസ്.സി ഒ.എം.ആര്‍ പരീക്ഷ നടത്തിയത്. പുതുക്കിയ പരീക്ഷത്തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ എന്‍. നാരായണ ശര്‍മ അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന പരീക്ഷ പരിശീലനത്തിലാണ് പി.എസ്.സി ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെട്ടത്. എഴുപതോളം ചോദ്യങ്ങളുടെ ഓപ്ഷന്‍ പോലും സമാന രീതിയിലാണെന്ന് കാണിച്ച് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ചെയര്‍മാന് പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 16 മുതല്‍ കോഴിക്കോട്ട് ഒമ്പതു ദിവസത്തെ ക്ളാസാണ് നടന്നത്. 
പി.എസ്.സി വിദഗ്ധരില്‍നിന്ന് വാങ്ങുന്ന ചോദ്യങ്ങള്‍ നറുക്കിട്ടാണ് ഒന്ന് എടുക്കുന്നത്. ഡോ. അബ്ദുല്‍ മജീദ്, അനീഷ് എന്നിവരില്‍നിന്നും ഇതേ തസ്തികയിലേക്ക് ചോദ്യം വാങ്ങിയിരുന്നു. ഇതില്‍ ഒരാളുടെ ചോദ്യമാണ് തെരഞ്ഞെടുത്തത്. ചോദ്യകര്‍ത്താക്കളില്‍ ഒരാളായ അനീഷ് ഈ പരീക്ഷ എഴുതിയെന്ന ആരോപണവും ഉദ്യോഗാര്‍ഥികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ ആരോപണങ്ങളക്കം പരിശോധിക്കാനാണ് സാധ്യത. 

Tags:    
News Summary - psc librarian grade four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.