പി.എസ്.സി പരീക്ഷാ ക്രമക്കേട്: സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും; അംഗങ്ങളുടെ മൊഴിയിൽ പൊരുത്തക്കേട്

തിരുവനന്തപുരം: പി.എസ്‍.സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യാൻ ഇന്ന് നോട്ടീസ് നൽകും. തുടക്കത്തിൽ അംഗങ്ങളിൽ നിന്ന് വിവരങ്ങൾ തേടിയതിനു ശേഷമേ സെക്രട്ടറിയിലേക്ക് കടക്കൂ എന്നായിരുന്നു തീരുമാനം. എന്നാൽ, ചെയർമാൻ എല്ലാ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ചതോടെ സെക്രട്ടറിയെ അടിയന്തരമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. പരീക്ഷ കൺട്രോളർ ബിനിയെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുക. തിങ്കളാഴ്ച മുതൽ മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യും.

സമിതിയുടെ എല്ലാ തീരുമാനങ്ങളും കൂട്ടായെടുത്തതാണെന്നാണ് ചെയർമാൻ അവകാശപ്പെടുന്നത്. എന്നാൽ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുകയാണെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്. കേസിൽ തെളിവെടുപ്പിനായി സെക്രട്ടറിയും 10 അംഗങ്ങളും ഇന്ന് നോട്ടീസ് കൈപ്പറ്റും. കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ. ഹരിയും എം.ആർ ബൈജുവും തമ്മിൽ വലിയ അടുപ്പത്തിലാണെന്ന് ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. അതേസമയം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ റിമാൻഡ് ചെയ്തു.

അതിനിടെ, പി.എസ്‌.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക സംഘത്തെ വിപുലീകരിച്ചു. ഡി.വൈ.എസ്പി അടക്കം മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തുകയും പുതിയ കേസുകളുടെ ചുമതല ഇവർക്ക് കൈമാറുകയും ചെയ്തു.

ഉദ്യോഗസ്ഥരായ ഹരി, സതീഷ് എന്നിവർക്ക് പൂർണ പിന്തുണ നൽകുന്ന നിലപാടാണ് എം.ആർ. ബൈജു ചോദ്യം ചെയ്യലിൽ സ്വീകരിച്ചത്. ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങളുടെ മൂല്യനിർണയം വിട്ടുപോയത് മനഃപൂർവമല്ലെന്നും കേവലം സാങ്കേതിക തകരാറുകൾ മൂലമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ചെയർമാന്റെ ഈ വിശദീകരണം ക്രൈംബ്രാഞ്ച് പൂർണമായി വിശ്വസിച്ചിട്ടില്ല.

Tags:    
News Summary - PSC Exam Scam: Secretary Saju George to be Questioned Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.